‘നേതൃത്വം ചെറുപ്പമായിട്ട് മാത്രം കാര്യമില്ല, സ്വഭാവശുദ്ധിയും പക്വതയും വേണം’; കെ സുരേന്ദ്രനെ ഉന്നംവെച്ച് ബിജെപി നേതാവ്

തിരുവനന്തപുരം: ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി നേതാവും മുന്‍ വക്താവുമായ എംഎസ് കുമാര്‍. നേതൃസ്ഥാനത്തുള്ളവര്‍ സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കുന്നവരാകണമെന്നും എംഎസ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫിലെയും യുഡിഎഫിലെയും തലമുറമാറ്റം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

എംഎസ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

കേരളത്തില്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം എല്‍ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോഴും ഈ ഇച്ഛാശക്തി എല്‍ ഡി എഫ് കാണിച്ചിരുന്നു. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയില്‍ ആണെന്ന് പറയുന്നു.

ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയില്‍ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം വി ഗോവിന്ദന്‍ വരുമ്പോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശന്‍ വരുമ്പോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്.

Also read: ‘ഒരു സമുദായ സംഘടനയ്ക്കും കീഴ്‌പ്പെടില്ല, നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ ഊന്നി കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരും’; വിഡി സതീശന്‍

നേതൃത്വം ചെറുപ്പം ആയാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങള്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍ തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങള്‍ അല്ല ജനങ്ങള്‍ ആണ് യജമാനന്മാര്‍ എന്ന ബോധ്യം ഇണ്ടാകണം.

Also Read: കൊടകര കുഴല്‍പ്പണ കേസ്: ചോദ്യം ചെയ്യലിന് എത്താതെ ബിജെപി നേതാക്കള്‍; രണ്ട് ദിവസം വേണം, അസൗകര്യമുണ്ടെന്ന് വിശദീകരണം