തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിളക്കുകൊളുത്തി ആഘോഷിച്ച ദിവസം കൈയ്യില്‍ ദീപവുമായുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. തെരഞ്ഞെടുപ്പ് വിജയത്തിലെ ആഹ്ലാദത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകീട്ട് സ്വന്തം വീടുകളില്‍ പ്രകാശം തെളിയിക്കാനായിരുന്നു എല്‍ഡിഎഫ് ആഹ്വാനം. വെള്ളിയാഴ്ച ഇതേ സമയത്തുതന്നെയായിരുന്നു രാജഗോപാലും ദീപമേന്തിയ ചിത്രവുമായി എത്തിയത്.
തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് എന്ന് സൂചിപ്പിക്കുന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, അത്തരമൊരു പ്രതിഷേധത്തിന് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടില്ല എന്നിരിക്കെ, എല്‍ഡിഎഫിന്റെ ആഘോഷ ദിവസം രാജഗോപാല്‍ ദീപവുമായി എത്തിയത് പ്രവര്‍ത്തകരെ വെട്ടിലാക്കിയിരിക്കുകയാണ്.
നിരവധി ബിജെപി പ്രവര്‍ത്തകരാണ് രാജഗോപാലിന്റെ പ്രവൃത്തിയില്‍ രോഷം പൂണ്ട് രംഗത്തെത്തിയിരിക്കുന്നത്. പരിഹാസവും ട്രോളുകളുമായി എല്‍ഡിഎഫ് പ്രവര്‍ത്തകരും കമന്റ് ചെയ്യുന്നുണ്ട്. ‘മനുഷ്യസ്നേഹിയായ താങ്കള്‍ സങ്കികളുടെ ശാഖയില്‍ വഴിതെറ്റിക്കയറിയതാണോ രാജേട്ടാ… വര്‍ഗ്ഗീയതയോട് വിടപറയൂ. നേരിന്റെ ഹൃദയപക്ഷത്തേക്ക് സ്വാഗതം’, എന്നാണ് ഒരു കമന്റ്. വിഷയത്തില്‍ രാജഗോപാല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതുവരെ പ്രതികരിച്ചിട്ടില്ല.