എ ക്ലാസ് മണ്ഡലങ്ങളില്‍ ചിലയിടത്ത് ആറ് കോടി രൂപ നല്‍കി, ചിലയിടങ്ങളില്‍ 2.2 കോടി; ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ തുകയുടെ വിതരണത്തില്‍ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ നേതാക്കള്‍

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി പ്രചരണത്തിന് വേണ്ടി കേന്ദ്ര നേതൃത്വം നല്‍കിയ കോടിക്കണക്കിന് രൂപയുടെ വിതരണത്തെ ചൊല്ലി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും വിദേശകാര്യ മന്ത്രി വി മുരളീധരനുമെതിരെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗതെത്തി.

തുക വിതരണത്തില്‍ ഇരുനേതാക്കളെയും കുറ്റപ്പെടുത്തിയും സത്യാവസ്ഥ അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വം അയച്ചു.

പാര്‍ട്ടി സ്വാധീനത്തെ വിലയിരുത്തി മൂന്ന് വിഭാഗങ്ങളായി മണ്ഡലങ്ങളെ ക്രമീകരിച്ചിരുന്നു. ഇവയില്‍ വിജയസാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തിയ മണ്ഡലങ്ങള്‍ക്ക് വലിയ തുകയാണ് കേന്ദ്രം അനുവദിച്ചിരുന്നുവെന്നും എന്നാല്‍ ഈ പണം ചെലവഴിക്കാതെ ചിലര്‍ ക്രമക്കേട് കാട്ടിയെന്നുമാണ് നേതാക്കള്ഡ അയച്ച കത്തിലുള്ള ആരോപണം.

35 ക്ലാസ് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ബിജെപി കതണ്ടെത്തിയത്. അതില്‍ ചില മണ്ഡലങ്ങളില്‍ ആറ് കോടി രൂപ വരെ നല്‍കിയപ്പോള്‍ ചിലയിടത്ത് 2.20 കോടി രൂപ മാത്രമായി പരിമിതപ്പെടുത്തി. ഇങ്ങനെ സംഭവിച്ചത് ഗ്രൂപ്പ് വൈരത്താലാണെന്ന് കത്തില്‍ ആരോപിക്കുന്നു.

ബി വിഭാഗത്തില്‍പ്പെട്ട 25 മണ്ഡലങ്ങളില്‍ ചിലയിടത്ത് ഒന്നരക്കോടി കൊടുത്തപ്പോള്‍ കുറേപേര്‍ക്ക് ഒരു കോടി രൂപ മാത്രമായി. ബാക്കിയുള്ള മണ്ഡലങ്ങളില്‍ പത്തിടത്ത് അമ്പത് ലക്ഷം രൂപ വീതവും അവശേഷിച്ച മണ്ഡലങ്ങളില്‍ 25 ലക്ഷം രൂപ വീതമാണ്. ചിലയിടങ്ങളില്‍ കൂടുതലും ചിലയിടത്ത് കുറവും സംഭവിച്ചത് അന്വേഷിക്കണമെന്നും വിശദമായ കണക്ക് സംസ്ഥാന നേതൃത്വം പുറത്ത് വിടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.