ചാനല്‍ ചര്‍ച്ചകളില്‍ കെ സുരേന്ദ്രന്‍-മുരളീധരന്‍ ഗ്രൂപ്പ് നേതാക്കളെ മാത്രം പങ്കെടുപ്പിക്കുന്നു; കുഴല്‍പ്പണക്കേസ് തങ്ങളുടെ പ്രശ്‌നമെന്ന് പറയാതെ പറയുകയാണോയെന്ന് ഒഴിവാക്കപ്പെട്ടവര്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ കേരളത്തിലെ ബിജെപിയെ പിടികൂടിയ പ്രതിസന്ധിയാണ് കുഴല്‍പ്പണക്കേസ്. സംസ്ഥാന അധ്യക്ഷനെതിരെ തന്നെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കെ സുരേന്ദ്രനൊപ്പം നില്‍ക്കാനാണ് ബിജെപി തീരുമാനിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയെ പ്രതിനീധീകരിച്ച് പങ്കെടുക്കുന്നതില്‍ ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തിയെന്ന് പാര്‍ട്ടിക്കുള്ളില്‍ ആരോപണം.

വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒരു വിഭാഗത്തെയാണ് ബിജെപി നേതൃത്വം മാറ്റി നിര്‍ത്തിയത്. കെ സുരേന്ദ്രന്‍-വി മുരളീധരന്‍ ഗ്രൂപ്പിലെ നേതാക്കളെ മാത്രമാണ് ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നത്. മറ്റുള്ള നേതാക്കളോട് ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിര്‍ദേശം.

കര്‍ഷക മോര്‍ച്ച നേതാവ് അഡ്വ വിപി ജയസൂര്യന്‍, പിആര്‍ ശിവശങ്കര്‍, സന്ദീപ് വാചസ്പതി എന്നിവരെ ചാനല്‍ ചര്‍ച്ചകള്‍ക്ക് അയക്കുന്നില്ല. പികെ കൃഷ്ണദാസ് പക്ഷക്കാരല്ലാത്ത അഡ്വ സുരേഷ്, അഡ്വ പ്രകാശ് ബാബു, അഡ്വ സിന്ധുമോള്‍ എന്നിവരെ പോലും ലിസ്റ്റില്‍ നിന്ന് മാറ്റിയിട്ടുണ്ട്. കെ സുരേന്ദ്രന്‍-വി മുരളീധരന്‍ ഗ്രൂപ്പിലെ നേതാക്കള്‍ മാത്രം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലൂടെ കുഴല്‍പ്പണ പ്രശ്‌നം തങ്ങളുടെ പ്രശ്‌നമാണെന്നാണ് പറയാതെ പറയുകയാണെന്ന് മറ്റ് നേതാക്കള്‍ പറയുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള എതിര്‍പ്പ് പരസ്യമാക്കാന്‍ ഇവര്‍ തയ്യാറല്ല. അതേ സമയം തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് ഉപകാരമായെന്നും അവര്‍ പരിഹസിക്കുന്നു. ധാര്‍മ്മികതയുടെ പ്രശ്‌നമാണ് ഇവിടെ ഉള്ളതെന്നും വിശ്വാസ്യതയുള്ളവര്‍ വിശദീകരിച്ചാല്‍ മാത്രമേ ജനങ്ങള്‍ വിശ്വസിക്കൂവെന്നും അവര്‍ പറയുന്നു.