‘മാപ്പുപറഞ്ഞിട്ട് പോയാല്‍ മതി’; മുന്‍ മന്ത്രിയെ പ്രധാനമന്ത്രിയുടെ ലൈവ് ടെലികാസ്റ്റിന് ശേഷം പുറത്തിറക്കാതെ മനുഷ്യമതില്‍കെട്ടി തടഞ്ഞ് കര്‍ഷകര്‍

തൊഴിലില്ലാത്ത മദ്യപാനികളാണ് ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നവരെന്ന ബിജെപി എംപി രാം ചന്ദര്‍ ജംഗ്രയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേദര്‍നാഥ് സന്ദര്‍ശനത്തിന്റെ ലൈവ് ടെലികാസ്റ്റ് കാണാന്‍ പ്രദേശത്തെ ക്ഷേത്രത്തിലെത്തിയ ബിജെപി നേതാക്കളെ കര്‍ഷകര്‍ സംഘടിച്ചെത്തി തടഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

മുന്‍മന്ത്രി മനിഷ് ഗ്രോവറടക്കമുള്ള മുതിര്‍ന്ന നേതാക്കളെയാണ് കര്‍ഷകര്‍ മനുഷ്യമതില്‍ നിര്‍മ്മിച്ച് തടഞ്ഞിരിക്കുന്നത്. ആറുമണിക്കൂറോളമായി ബിജെപി നേതാക്കള്‍ ക്ഷേത്രത്തിന് പുറത്തേക്ക് കടക്കാന്‍ കഴിയാത്ത വിധം തടങ്കലിലാണെന്നാണ് വിവരം. അരമണിക്കൂറിനകം ഗ്രോവറും സംഘവും മാപ്പുപറയണമെന്നായിരുന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടത്.

ക്ഷേത്രം നാലുഭാഗത്തുനിന്നും വളയാന്‍ കര്‍ഷകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ സ്ഥിതി ഗതികള്‍ നിയന്ത്രിക്കാന്‍ ഗുഡ്ഗാവില്‍നിന്നും കൂടുതല്‍ സേനയെ വിന്യസിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. രണ്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി-ഹിസാര്‍ ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന നിര്‍ദ്ദേശമാണ് മേലുദ്യോഗസ്ഥര്‍ പൊലീസുകാര്‍ക്ക് നല്‍കിയിരിക്കുന്നത്.

അതിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംപി രാം ചന്ദര്‍ ജംഗ്രയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. ഹിസാറില്‍ പൊതുപരിപാടിക്കെത്തിയ എംപിയെ കരിങ്കൊടി കാണിച്ചാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എംപിയുടെ കാറിന്റെ ചില്ല് തകര്‍ന്നു. വാഹനം തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജ്ജില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

റോഹ്തക്കില്‍ ദീപാവലി ആഘോഷ പരിപാടികള്‍ക്കിടെ എംപി നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരെ തൊഴിലില്ലാത്ത മദ്യപാനികളെന്നായിരുന്നു എംപി വിശേഷിപ്പിച്ചത്. ഈ പരാമര്‍ശത്തില്‍ കര്‍ഷകര്‍ ബിജെപി നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് തുടങ്ങിവെച്ചിരിക്കുന്നത്.

2020 നവംബര്‍ മുതലാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികള്‍ ഉപരോധിച്ച് സമരമാരംഭിച്ചത്. പുതിയ കാര്‍ഷിക നിയമങ്ങളില്‍നിന്നും കേന്ദ്രം പിന്മാറാതെയും വിളകള്‍ക്ക് താങ്ങുവില അനുവദിക്കാതെയും സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.