കേരളം ‘ബിജെപി മുക്തം’; സ്ഥാനാര്‍ത്ഥിയായും സംസ്ഥാന അദ്ധ്യക്ഷനായും തോറ്റ് കെ സുരേന്ദ്രന്‍

കേരള നിയസഭയിലെ ബിജെപി പ്രാതിനിധ്യം ഒരു ‘വണ്‍ ടൈം വണ്ടര്‍’ ആയി അവസാനിച്ചു. ഒ രാജഗോപാലിലൂടെ തുറന്ന നേമം അക്കൗണ്ട് പൂട്ടിക്കുമെന്ന വാക്ക് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും പാലിച്ചു. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ രംഗത്തിറക്കി മികച്ച മത്സരം കാഴ്ച്ചവെയ്ക്കാനായെങ്കിലും ബിജെപിക്ക് സീറ്റ് നിലനിര്‍ത്താനായില്ല. കേരള ചരിത്രത്തിലെ ബിജെപിയുടെ ആദ്യ നിയമസഭാ പ്രാതിനിധ്യം ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവത്തിലും സഹതാപ തരംഗത്തിലും മാത്രം സംഭവിച്ചതാണോ, അതോ സംഘ്പരിവാര്‍ രാഷ്ട്രീയം മലയാളികളുടെ മുഖ്യധാരയില്‍ ചുവടുറപ്പിക്കുന്നതിന്റെ ദിശാ സൂചികയാണോ എന്ന ചര്‍ച്ചകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുകയായിരുന്നു. കേരളം പിടിക്കല്‍ ബിജെപിക്ക് അസാധ്യമാണെന്ന നിരീക്ഷണത്തിന് ബലം നല്‍കുന്നതാണ് 15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം.

ദേശീയ നേതാക്കളെ അണിനിരത്തിയും വലിയ തോതില്‍ പണം ചെലവിട്ടുമുള്ള പ്രചാരണം ചില സമുദായ ഗ്രൂപ്പുകളെ അടുപ്പിക്കാന്‍ സഹായിച്ചുവെന്നല്ലാതെ കേരളത്തിന്റെ ദൃഢതയില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. തീവ്ര ഹിന്ദുത്വം പറയുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉള്‍പ്പെടെ ബിജെപി രംഗത്തിറക്കി. ലവ് ജിഹാദ് പോലുള്ള വര്‍ഗീയ ക്യാംപെയ്‌നുകള്‍ മുഖ്യവിഷയമാക്കിയ ബിജെപി ഇനിയും കേരളത്തിലെ പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയം തങ്ങള്‍ക്ക് മനസിലായിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ചെയ്തത്.

ശക്തമായ ത്രികോണമത്സരത്തില്‍ മതേതര വോട്ടുകള്‍ വിഘടിക്കുമെന്നും ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കുകയും ചെയ്യുമെന്ന ബിജെപി കണക്ക് കൂട്ടലാണ് നേമത്ത് തെറ്റിയത്. 2016ല്‍ വി സുരേന്ദ്രന്‍ പിള്ളയെ മത്സരിപ്പിച്ചപ്പോള്‍ ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് വോട്ടുകള്‍ കെ മുരളീധരന്‍ തിരിച്ചുപിടിച്ചത് വി ശിവന്‍കുട്ടിക്ക് ഗുണം ചെയ്തു.

കേരള ബിജെപി ആദ്യമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് നടത്തിയ തെരഞ്ഞെടുപ്പിന് കൂടിയാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇ ശ്രീധരന്‍ വോട്ടെണ്ണിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥിയായി. മെട്രോ മാന്‍ എന്ന ബ്രാന്‍ഡ് ഇമേജും സാത്വിക വയോധിക പരിവേഷവും വോട്ടായി മാറിയെങ്കിലും ഷാഫിയുടെ ജനകീയതയെ മറികടക്കാന്‍ ബിജെപിയുടെ പാലക്കാട് എഞ്ചിനീയറിങ്ങിന് കഴിഞ്ഞില്ല.

ബിജെപിയുടെ മറ്റൊരു തോല്‍വി എന്നതിനൊപ്പം കെ സുരേന്ദ്രന്റെ നേതൃത്വം കൂടിയാണ് ഇത്തവണ പരാജയപ്പെട്ടത്. മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റ ആദ്യ സ്ഥാനാര്‍ത്ഥി എന്ന പുതിയ റെക്കോഡ് കൂടി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നേടി. കോന്നിയില്‍ നിന്ന് മഞ്ചേശ്വരത്തേക്കും തിരിച്ചുമുളള ഹെലികോപ്ടര്‍ ക്യാംപെയ്‌നും സുരേന്ദ്രനെ തുണച്ചില്ല. രണ്ട് സീറ്റില്‍ മത്സരിക്കുന്നത് ആത്മവിശ്വാസക്കുറവുകൊണ്ടാണെന്ന പ്രതീതിയുണ്ടാക്കി. നേതാക്കള്‍ പ്രത്യക്ഷത്തിലെങ്കിലും ലളിത ജീവിത ശൈലി പ്രകടിപ്പിക്കുന്ന കേരളത്തില്‍, പെട്രോള്‍-ഡീസല്‍ വിലകൊണ്ട് ജനം ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വന്‍ തുക മുടക്കി ഹെലികോപ്ടറില്‍ പറക്കുന്നതിലെ ഔചിത്യമില്ലായ്മ പ്രചരണ സമയത്ത് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

മഞ്ചേശ്വരത്ത് രണ്ടാമതും കോന്നിയില്‍ മൂന്നാമതുമാണ് ബിജെപി അദ്ധ്യക്ഷന്റെ സ്ഥാനം. 2016ല്‍ മഞ്ചേശ്വരത്ത് അപരന്‍ അപഹരിച്ചെടുത്ത ജയം ഇത്തവണ നേടാനാകുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതീക്ഷ. ന്യൂനപക്ഷ സ്വാധീനമേഖലകളില്‍ പണം നല്‍കി തനിക്കെതിരെ പോള്‍ ചെയ്യപ്പെടാന്‍ സാധ്യതയുള്ള വോട്ടുകള്‍ സുരേന്ദ്രന്‍ ഫ്രീസ് ചെയ്‌തെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെയാണ് സാധാരണ എല്‍ഡിഎഫ് മഞ്ചേശ്വരത്ത് മത്സരിപ്പിക്കാറുള്ളത്. കന്നഡിഗ വിഭാഗങ്ങളിലെ ഭൂരിപക്ഷം വോട്ട് ബിജെപി നേടുമ്പോള്‍ തന്നെ തങ്ങളുടെ പങ്ക് എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇത്തവണ കാഞ്ഞങ്ങാട് നിന്നുള്ള വി വി രമേശനെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. കന്നഡിഗനല്ലാത്തയാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നിട്ടും ആ സാഹചര്യം അനുകൂലമാക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല.

മലയാളി വോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ലാത്ത ആക്രണോത്സുക രാഷ്ട്രീയ ശൈലിക്ക് കിട്ടിയ തിരിച്ചടി കൂടിയാണ് കെ സുരേന്ദ്രന്റെ തോല്‍വി. ശബരിമല വിഷയത്തിലെ പ്രവര്‍ത്തനമാണ് സുരേന്ദ്രനെ ഏറ്റവും ഗ്ലാമര്‍ നേതാവാക്കിയതും അദ്ധ്യക്ഷ സ്ഥാനത്തെത്തിച്ചതും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ 29 ശതമാനം വോട്ട് നേടി സുരേന്ദ്രന്‍ മുന്നണികളെ ഞെട്ടിച്ചിരുന്നു. ബിജെപി പോസ്റ്റര്‍ ബോയി ആയും സംഘ്പരിവാറിന്റെ പുത്തന്‍ പ്രതീക്ഷയായും സുരേന്ദ്രന്‍ വളര്‍ന്നു. പക്ഷെ, ആ പ്രീതി നിലനിര്‍ത്താന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. വിമര്‍ശനങ്ങള്‍ പലപ്പോഴും അതിര് വിട്ട് അധിക്ഷേപങ്ങളായതും സൗമനസ്യമില്ലാതെയുള്ള പ്രതികരണങ്ങളും സുരേന്ദ്രന്റെ മതിപ്പിടിച്ചു.

സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധര പക്ഷത്തിന്റെ ഗ്രൂപ്പ് നേതാവായി തരംതാഴുകയാണെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. തങ്ങളെ അവഗണിക്കുകയാണെന്ന പരാതിയുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അന്തരീക്ഷം മുറുകിയ സമയത്ത് പോലും ശോഭാ സുരേന്ദ്രനോട് വിട്ടുവീഴ്ച്ച ചെയ്യാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. സുരേന്ദ്രന്‍ റിസല്‍റ്റുണ്ടാക്കുമെന്ന് കരുതി പലതിനോടും കണ്ണടച്ച കേന്ദ്ര നേതൃത്വം പൂജ്യം മാര്‍ക്കിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. തോല്‍വി ആയുധമാക്കി പി കെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും സുരേന്ദ്രനെതിരെ രംഗത്തുവരുമെന്നുറപ്പാണ്.