വീണ്ടും ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വിടുന്നത് മൂന്നാമത്തെ എംഎല്‍എ

കൊല്‍ക്കത്ത: ബംഗാളില്‍ മറ്റൊരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിശ്വജിത്ത് ദാസ് എംഎല്‍എയാണ് പാര്‍ട്ടി വിട്ടത്.

മറ്റൊരു ബിജെപി എംഎല്‍എ തന്‍മയ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിശ്വജിത്ത് ദാസും പാര്‍ട്ടി വിട്ടത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന ബിശ്വജിത്ത് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പേയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്ന മറ്റ് പലരെയും പോലെ തന്നെ തെറ്റ് തിരിച്ചറിഞ്ഞു എന്നാണ് ബിശ്വജിത്ത് ദാസിന്റെയും പ്രതികരണം. മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ബിജെപി വിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് ബിശ്വജിത്ത് ദാസ്.

നാല് വര്‍ഷത്തിന് ശേഷം ബിജെപിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് തൃണമൂലില്‍ മടങ്ങിയെത്തിയിരുന്നു. അതിന് പിന്നാലെയാണ് നിരവധി നേതാക്കള്‍ ബിജെപി വിട്ടത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് അപ്രതീക്ഷിത നേട്ടം കൊയ്തിരുന്നു. അതിന് പിന്നില്‍ മുകുള്‍ റോയിയുടെ നീക്കങ്ങളായിരുന്നു. എന്നാല്‍ ഈ നേട്ടം നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.

നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 294 സീറ്റുകളില്‍ 213 സീറ്റുകളും പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയിരുന്നു. മൂന്നക്കം തികക്കാന്‍ പരാജയപ്പെട്ടെങ്കിലും 2016ല്‍ നേടിയ മൂന്നില്‍ നിന്ന് 77 സീറ്റുകളിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.