ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; എംഎല്‍എ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി എംഎല്‍എ തന്‍മോയ് ഘോഷ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് തന്‍മോയ് ഘോഷ് പറഞ്ഞു.

ബിജെപി പകയുടെ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. പൊതുജന ക്ഷേമത്തിന് വേണ്ടി മുഖ്യമന്ത്രി മമത ബാനര്‍ജിയെ എല്ലാ രാഷ്ട്രീയ നേതാക്കളും പിന്തുണക്കണമെന്നും തന്‍മോയ് ഘോഷ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 294 സീറ്റുകളില്‍ 213 സീറ്റുകളും പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടിയിരുന്നു. മൂന്നക്കം തികക്കാന്‍ പരാജയപ്പെട്ടെങ്കിലും 2016ല്‍ നേടിയ മൂന്നില്‍ നിന്ന് 77 സീറ്റുകളിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍ അധികാരത്തിലെത്താന്‍ കഴിയുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. 200 സീറ്റുകള്‍ക്ക് മുകളില്‍ വിജയിക്കുമെന്ന് അമിത് ഷാ തന്നെ പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ വിജയമായിരുന്നു ബിജെപിയുടെ പ്രതീക്ഷ. 41% വോട്ടാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പല ബിജെപി നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എംഎല്‍എ തന്നെ തൃണമൂല്‍ പാളയത്തിലെത്തിയിരിക്കുന്നത്.