‘എനിക്ക് കൊവിഡില്ല, ഞാന്‍ എന്നും ഗോമൂത്രം കുടിക്കും’; തദ്ദേശീയ പശുവിന്റേത് തന്നെ കുടിക്കണമെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍

ഭോപാല്‍: ഗോമൂത്രം കൊവിഡിനെ തുടര്‍ന്നുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കുമെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. രാജ്യം കൊവിഡ് രണ്ടാംതരംഗ വ്യാപനത്തില്‍ വലയുന്നതിനിടെയാണ് പ്രജ്ഞയുടെ പ്രസ്താവന. താന്‍ എല്ലാ ദിവസും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും കൊറോണ വൈറസില്‍നിന്നും തന്നെ രക്ഷിക്കുന്നത് ഗോമൂത്രമാണെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു.

‘എല്ലാദിവസവും തദ്ദേശീയ പശുവിന്റെ മൂത്രം കുടിക്കുകയാണെങ്കില്‍ കൊവിഡിന് പിന്നാലെയുണ്ടാകുന്ന ശ്വാസകോശ അണുബാധയില്‍നിന്നും മോചനം നേടാനാവും. എനിക്ക് വലിയ സങ്കടമുണ്ടെങ്കിലും ഞാന്‍ എല്ലാദിവസവും ഗോമൂത്രം കുടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, കൊറോണയെ പ്രതിരോധിക്കാന്‍ എനിക്ക് മറ്റ് മരുന്നുകളുടെ ആവശ്യമില്ല. എനിക്ക് കൊറോണയുമില്ല’, ബിജെപി സംഘടിപ്പിച്ച ഒരു യോഗത്തില്‍ പ്രജ്ഞ പറഞ്ഞു.

ഗോമൂത്രം ജീവന്‍ രക്ഷാ മരുന്നാണെന്ന് പറഞ്ഞ് കാവി വസ്ത്രത്തില്‍ യോഗത്തിലെത്തിയ പ്രജ്ഞ തനിക്ക് ദിവ്യസിദ്ധിയുണ്ടെന്നും അവകാശപ്പെട്ടു.

ഗോമൂത്രവും മറ്റ് ഗോ ഉല്‍പ്പന്നങ്ങളുമാണ് തന്നെ കാന്‍സറില്‍നിന്നും രക്ഷിക്കുന്നതെന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രജ്ഞ പറഞ്ഞിരുന്നു. 2020 ഡിവസംബറില്‍ പ്രജ്ഞയെ കൊവിഡ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡിനെ ഭേദമാക്കുമെന്ന് വാദിച്ച് അശാസ്ത്രീയമായ രീതികള്‍ പ്രചരിപ്പിക്കരുതെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് പാര്‍ട്ടി യോഗത്തില്‍ത്തന്നെ പരസ്യമായി ഗോമൂത്രം കൊവിഡിനെ പ്രതിരോദിക്കുമെന്ന വാദവുമായി എംപി എത്തിയിരിക്കുന്നത്. കൊവിഡിനെ തുരത്താന്‍ ഗോമൂത്രത്തിനോ സമാന രീതിയിലുള്ള മറ്റ് പദാര്‍ത്ഥങ്ങള്‍ക്കോ കഴിയും എന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് ഐഎംഎ വ്യക്തമാക്കുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഗോമൂത്രം കൊവിഡിന് പ്രതിവിധിയാണെന്ന വാദവുമായി യുപിയിലെ ബിജെപി എംപി സുരേന്ദ്ര സിങും രംഗത്തെത്തിയിരുന്നു. ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം ഗോമൂത്രം കുടിക്കാനായിരുന്നു സുരേന്ദ്ര സിങിന്റെ വിചിത്ര ആഹ്വാനം.

കഴിഞ്ഞ വര്‍ഷം കൊറോണ വൈറസ് രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷംബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷും സമാന പരാമര്‍ശം നടത്തിയിരുന്നു. താന്‍ എന്നും ഗോമൂത്രം കുടിക്കുന്നു എന്ന് തുറന്ന് സമ്മതിക്കാന്‍ യാതൊരു മടിയുമില്ലെന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്. കൊവിഡ് പ്രതിരോധത്തിനായി ആളുകള്‍ ഗോമൂത്രം കുടിക്കണമെന്ന് കൊല്‍ക്കത്തയില്‍ നടത്തിയ ഒരു പൊതുസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.