അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുണ്ട് മുന്നില്‍; തോല്‍വികള്‍ക്കിടയില്‍ സ്ട്രാറ്റജി തയ്യാറാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങൡലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി തന്ത്രങ്ങള്‍ മെനയാന്‍ ദേശീയ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് ബിജെപി. കൊവിഡ് വ്യാപനത്തിന് ശേഷം പാര്‍ട്ടി സംഘടിപ്പിക്കുന്ന ആദ്യ എക്‌സിക്യുട്ടീവ് യോഗമാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാര്‍ എന്നിവരടക്കം 124 ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാര്‍, സംസ്ഥാന നേതൃത്വങ്ങള്‍ എന്നിവര്‍ ഓണ്‍ലൈനായാവും പങ്കെടുക്കുക. ദേശീയ പ്രശ്‌നങ്ങളടക്കമുള്ള പതിവ് അജണ്ടകള്‍ ചര്‍ച്ച ചെയ്യുമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തന്നെയാവും പ്രധാന ചര്‍ച്ചാവിഷയമെന്നും അരുണ്‍ സിങ് വ്യക്തമാക്കിയിരുന്നു.

13 സംസ്ഥാനങ്ങളിലായി 29 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് യോഗം. അസമിലും മധ്യപ്രദേശിലും മികച്ച പ്രടകടനം കാഴ്ചവെക്കാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും പാര്‍ട്ടി അധികാരത്തിലുള്ള ഹിമാചലില്‍ മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയം രുചിച്ചു. ബംഗാളില്‍ തൃണമൂലിനോടും പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങി. കര്‍ണാടകയില്‍ സിറ്റിങ് സീറ്റുതന്നെ നഷ്ടമായി. ഈ തിരിച്ചടികളും യോഗം വിശകലനം ചെയ്യും.

ബിജെപി ഭരിക്കുന്ന യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങിളും കോണ്‍ഗ്രസ് അധികാരത്തിലുള്ള പഞ്ചാബിലുമാണ് അടുത്തവര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ്. 2022 അവസാനത്തോടെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുമുണ്ട്.