‘ഐഷ സുല്‍ത്താനയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല’; ചാനല്‍ ചര്‍ച്ചയില്‍നിന്നും ബിജെപി പ്രതിനിധി ഇറങ്ങിപ്പോയി

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന പങ്കെടുത്ത ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജെപി പ്രതിനിധി. കൈരളി ടിവി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍നിന്നാണ് ഐഷ സുല്‍ത്താനയുണ്ടെങ്കില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ബിജെപി പ്രതിനിധി ബി.ജി വിഷ്ണു ഇറങ്ങിപ്പോയത്. ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.

ബയോ വെപ്പണ്‍ എന്ന പരാമര്‍ശം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഐഷ. ഐഷ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും, ഐഷ സുല്‍ത്താനയോട് തനിക്ക് സംസാരിക്കേണ്ട എന്ന വിയോജിപ്പ് വിഷ്ണു അറിയിക്കുകയായിരുന്നു. അവതാരകന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. തുടര്‍ന്ന് ഐഷയുള്ള ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് പാനലില്‍ നിന്നും വിഷ്ണു ഇറങ്ങിപ്പോയി. ഇത്തരം പരാമര്‍ശം നടത്തിയ ഒരാള്‍ സംസാരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്.

താന്‍ കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വിഷ്ണു പറയുന്നത് ശ്രദ്ധിച്ചെന്നും എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി എന്ന പേരില്‍ കരഞ്ഞ് പിന്മാറുന്ന ആളല്ല താനെന്നും ഐഷ പറഞ്ഞു. ഇത് വ്യക്തമായി വിഷ്ണു മനസിലാക്കണം. മനുഷ്യത്വത്തിന്റെ പേരിലാണ് താന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചത്. താന്‍ ജനിച്ച നാട്ടിലെ ബിജെപി നേതാക്കളടക്കം രാജിക്കത്ത് നല്‍കിക്കഴിഞ്ഞു. ഈ വിവരം ഞാന്‍ വിഷ്ണുവിനെ അറിയിക്കുകയാണ്. എന്താണ് വിഷ്ണു സാറിന് പറയാനുള്ളതെന്നും ഐഷ ചോദിച്ചു.

Also Read: ‘നിങ്ങള്‍ ജനിച്ച മണ്ണിനെ ഒറ്റുമ്പോള്‍ ഞാന്‍ അതിന് വേണ്ടി പൊരുതും’; രാജ്യദ്രോഹക്കേസ് കൊടുത്ത ബിജെപി നേതാവിനോട് അയിഷ സുല്‍ത്താന

‘ഇല്ല ഒന്നും പറയാനില്ല, അദ്ദേഹം ഇറങ്ങിപ്പോയി’, എന്ന് അവതാരകന്‍ മറുപടിയും നല്‍കി.

‘പോവും. കാരണം, അദ്ദേഹത്തിനൊന്നും പറയാനുണ്ടാവില്ല. കാരണം എന്റെ നിലപാട് അറിയുന്നവരാണ് എന്റെ നാട്ടുകാരും ലക്ഷദ്വീപുകാരും. ബയോ വെപ്പണ്‍ എന്ന വാക്ക് ഉപയോഗിച്ചത് എന്റെ അറിവില്ലായ്മകൊണ്ടാണെന്ന് അംഗീകരിച്ച വ്യക്തിയാണ് ഞാന്‍. അറിവില്ലായ്മയായിരുന്നെന്ന് അന്തസോടുകൂടി മനസിലാക്കി തിരുത്തുകയാണ് ഞാന്‍ ചെയ്തത്. അതിനും ഞാന്‍ അന്തസ് എന്നുപറയും. 130 കോടി ജനങ്ങള്‍ക്ക് ഞാന്‍ ഉപോഗിച്ച വാക്കില്‍ പ്രശ്‌നമുണ്ടെങ്കില്‍ അതിന് മാപ്പ് ചോദിച്ച ആളാണ് ഞാന്‍. അതിന് ശേഷമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടാന്‍ ഞാന്‍ തയ്യാറാണ്’, ഐഷ പറഞ്ഞു.

മറ്റൊരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെ ബയോ വെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് ബിജെപി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 124A, 153B എന്നീ ദേശ വിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.