തിരുവനന്തപുരത്ത് തോല്‍പിച്ചത് നായര്‍ വോട്ടും മുസ്ലിം വോട്ട് ഏകീകരണവുമെന്ന് ബിജെപി; യോഗത്തില്‍ വിട്ടുനില്‍ക്കല്‍, വാക്കേറ്റം, ഭിന്നത

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തിരിച്ചടിക്ക് പിന്നില്‍ നായര്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയതും മുസ്ലിം വോട്ടുകളുടെ ഏകീകരണവുമാണെന്ന വിലയിരുത്തലില്‍ ബിജെപി. സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിലാണ് വിലയിരുത്തല്‍. യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുത്തില്ല. യോഗത്തിനിടെ മുന്‍ ജില്ലാ പ്രസിഡന്റ് എസ് സുരേഷും നിലവിലെ ജില്ലാ പ്രസിഡന്റ് വിവി രാജേഷും തമ്മില്‍ വാക്കേറ്റമുണ്ടായി.

പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. നേരത്തെയുണ്ടായിരുന്ന വോട്ടില്‍ കുറവുണ്ടായെന്നുമാണ് വിലയിരുത്തല്‍. നേമം കൈവിട്ടുപോകാനുണ്ടായ പ്രധാന കാരണം മുസ്ലിം വോട്ടുകളിലെ ഏകീകരണമാണ്. നേമത്തെ നായര്‍ വോട്ടുകള്‍ യുഡിഎഫിന് മറിഞ്ഞെന്നും യോഗം വിലയിരുത്തി.

വിവി രാജേഷ് മത്സരിച്ച വട്ടിയൂര്‍ക്കാവില്‍ അടിസ്ഥാന വോട്ടുകള്‍ ലഭിച്ചു. പരാജയപ്പെട്ടെങ്കിലും ഉപതെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനമാണ് വട്ടിയൂര്‍ക്കാവിലുണ്ടായതെന്നാണ് വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പില്‍ എസ് സുരേഷായിരുന്നു സ്ഥാനാര്‍ത്ഥി.

അതിനിടെ, ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷന്‍ നിലനിര്‍ത്താന്‍ എസ് സുരേഷിന് കഴിഞ്ഞില്ലെന്ന വിവി രാജേഷിന്റെ പരാമര്‍ശം ഇരുനേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുന്നതിലേക്കെത്തിച്ചു. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി എങ്ങനെയെന്ന് വിശദമായി പരിശോധിക്കണമെന്ന് സുരേഷ് വെല്ലുവിളിച്ചു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത പുറത്താവുന്ന തരത്തില്‍ വിലയിരുത്തല്‍ യോഗത്തില്‍ പരാമര്‍ശങ്ങളുണ്ടായതോടെ ജില്ലാ കോര്‍ കമ്മിറ്റി വിളിക്കാമെന്ന നിര്‍ദ്ദേശം പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മുന്നോട്ടുവെച്ചു.

പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ബൂത്തുകളില്‍ 100 വോട്ടുകള്‍ വരെ കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ബിജെപി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ച വിശദമായി വിശകലനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടായി.

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതിനെച്ചൊല്ലിയും പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനമുണ്ടെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന് സംഘടനാ തലത്തില്‍ അശ്രദ്ധയുണ്ടെന്ന വിമര്‍ശനവുമുയരുന്നുണ്ട്.