രണ്ട് ദിവസത്തെ ബിജെപി-ആര്‍എസ്എസ് യോഗം ആരംഭിച്ചു; പ്രധാന ചര്‍ച്ച വിദ്യാഭ്യാസ നയത്തില്‍

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ബിജെപി-ആര്‍എസ്എസ് യോഗം ഡല്‍ഹിയില്‍ ചൊവ്വാഴ്ച ആരംഭിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെ മുന്‍നിര്‍ത്തിയാണ് യോഗത്തിലെ പ്രധാന ചര്‍ച്ച.

മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളായ കൃഷ്ണ ഗോപാലും അരുണ്‍ കുമാറുമാണ് യോഗത്തിന്റെ അദ്ധ്യക്ഷ വഹിക്കുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി സി.ടി രവി, ആര്‍എസ്എസിന്റെ വിദ്യാഭ്യാസ മേഖലയിലെ സംഘടനയായ വിദ്യാഭാരതിയുടെ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിലുണ്ട്.

‘വിദ്യാഭ്യാസം, സംസ്‌കാരം, സാമ്പത്തിക രംഗം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ കുറച്ച് അനൗദ്യോഗിക യോഗങ്ങള്‍ നടത്തുന്നുണ്ട്. അഭിപ്രായങ്ങളെടുക്കുന്നുണ്ട്. ഹിന്ദുക്കളെ മാത്രം ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി കശ്മീരില്‍ മോഹന്‍ ഭാഗവത് തന്നെ നിരവധി യോഗങ്ങള്‍ നടത്തി’, ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞു.

സംഘ് പ്രത്യയശാസ്ത്രത്തെ കുറിച്ചും ആര്‍എസ്എസിനെ കുറിച്ചും എഴുതുന്ന എഴുത്തുകാര്‍ക്കെതിരെ സംഘടിതമായി ആക്രമണം നടക്കുന്നുണ്ട്. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്ന തന്ത്രവും രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലെ കരിക്കുലത്തെ കുറിച്ച് ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരും ബിജെപിയും നടത്തേണ്ട കാര്യങ്ങളെ കുറിച്ച് വിദ്യാഭാരതി നേതാക്കള്‍ നിര്‍ദേശങ്ങള്‍ നല്‍കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.