തെരഞ്ഞെടുപ്പടുത്ത യു.പിയിലടക്കം ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളില്‍ ഇന്ധന വിലയില്‍ എക്‌സ്ട്രാ ഇളവ്; യോഗി കുറച്ചത് 12 രൂപ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലയില്‍ തീരുവ ഇളവ് പ്രഖ്യാപിച്ചതിന് പുറമെ, നികുതി വെട്ടിക്കുറച്ച് ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങി കര്‍ണാടക, അസം, ത്രിപുര, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിനും ഡീസലിനും അധികമായി മൂല്യവര്‍ധിത നികുതി കുറച്ചത്.

വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പുറമെ യു.പി 12 രൂപ വീതമാണ് പെട്രോളിന്റേയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി കുറച്ചത്. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും ഏഴുരൂപ വീതം അധികമായി കുറച്ചു. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ ത്രിപുരാ സര്‍ക്കാരും പിന്തുടരുകയാണ്. സംസ്ഥാനത്ത് ഏഴുരൂപവീതമാണ് കുറയ്ക്കുന്നത്. ഇത് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും’, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രഖ്യാപനമിങ്ങനെ.

ഉത്തരാഖണ്ഡില്‍ രണ്ടുരൂപയുടെ അധിക നികുതിയിളവുണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാന ഇളവുണ്ടാകുമെന്നാണ് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യസര്‍ക്കാര്‍ ഭരണം കയ്യാളുന്ന ബീഹാറിലുമുണ്ട് അധിക ഇളവ്. പെട്രോളിന് ഒന്നര രൂപയും ഡീസലിന് 1.90 രൂപയും നികുതിയിളവ് നല്‍കുന്നതായി നിതീഷ് കുമാര്‍ സര്‍ക്കാര്‍ അറിയിച്ചു.

Also Read: ‘നിശ്ചയം അടുത്തപ്പോള്‍ എന്റെ ജോലി പോയി’; ജീവിതത്തിലെ ‘സുരഭി’യേക്കുറിച്ച് സുനില്‍ സൂര്യ

ദീപാവലി സമ്മാനമെന്ന് വിശേഷിപ്പിച്ചാണ് ദിനംപ്രതി മാസങ്ങളോളം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ഇന്ധന വിലയില്‍ ഇളവ് അനുവദിക്കുന്നതായി ബുധനാഴ്ച വൈകീട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്തുരൂപയും കുറച്ചായിരുന്നു പ്രഖ്യാപനം. ഇന്ധന വില ക്രമാതീതമായി ഉയരുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.