ലഖ്നൗ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേ ഉത്തര്‍പ്രദേശിലെ സമുദായ സമവാക്യങ്ങളില്‍ കണ്ണുവെച്ച്, വിവിധ സമുദായ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ബിജെപി. ‘സാമാജിക് പ്രതിനിധി സമ്മേളന്’ എന്ന പേരിലാണ് യോഗങ്ങള്‍ നടക്കുന്നത്.
കളിമണ്‍ പാത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ട സമുദായത്തിന്റെ യോഗത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിസംബോധന ചെയ്തു. ഒക്ടോബര്‍ 31നകം ഈ തരത്തിലുള്ള 27 യോഗങ്ങള്‍ നടത്താനാണ് ബിജെപി തീരുമാനം.
വിവിധ സമുദായങ്ങളെ ബന്ധപ്പെടുവാനായി സമാജ്വാദി പാര്‍ട്ടി ആരംഭിച്ച വിവിധ യാത്രകളെയും ബിഎസ്പി ആരംഭിച്ച ബ്രാഹ്മണ സമ്മേളനങ്ങളെയും മുന്നില്‍ കണ്ടാണ് ബിജെപിയും സമ്മേളനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കളിമണ്‍ പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് യോഗി ആദിത്യനാഥ് സമ്മേളനത്തില്‍ പറഞ്ഞു. ദീപാവലിക്ക് അയോധ്യയില്‍ 9 ലക്ഷം ചെരാതുകള്‍ ഉപയോഗിക്കും. ഇവ സമീപ പ്രദേശത്തുള്ള കളിമണ്‍ പാത്ര നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 19ന് സംസ്ഥാനത്തെ ഏഴ് ദളിത് സമുദായങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന യോഗം നടക്കും. പാസി, കനൂജിയ, വാല്മീകി, കോറി, കത്തേറിയ, സോങ്കാര്‍, ജാതവ് വിഭാഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുക.
‘വിവിധ സമ്മേളനങ്ങളിലൂടെ, സംസ്ഥാനത്തെ വിവിധ സമുദായങ്ങളിലും വര്‍ഗങ്ങളിലും ഉള്‍പ്പെട്ട പ്രമുഖരായവരുടെ അടുത്തെത്തുകയും ആദരിക്കുകയും ചെയ്യും. ഈ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനങ്ങളെ കുറിച്ച് അവരോട് സംസാരിക്കും. പാര്‍ട്ടിയെ പിന്തുണക്കാനും വോട്ട് ചെയ്യാനും അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും’, ബിജെപി സംസ്ഥാന വക്താവ് രാകേഷ് ത്രിപാദി പറഞ്ഞു.