ജില്ലാ നേതാവിനും പഞ്ചായത്തംഗത്തിനും കുഴല്‍പ്പണ കേസില്‍ ബന്ധമുണ്ടെന്ന് ബിജെപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍, ഇല്ലെന്ന് മറുവിഭാഗം; തൃശ്ശൂരിലെ സംഘഷത്തിന് പിന്നിലെ കാരണമിങ്ങനെ

തൃശ്ശൂര്‍: കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടന്നത് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റിരുന്നു.തൃത്തല്ലൂര്‍ ബീച്ച് വ്യാസനഗറിലെ ബിജെപി പ്രവര്‍ത്തകനായ കിരണിനാണ് കുത്തേറ്റത്.

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളുടെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തൃത്തല്ലൂര്‍ ഏഴാം കല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവര്‍ത്തകര്‍ തമ്മിലാണ് തര്‍ക്കമുണ്ടായിരുന്നത്.

കേസില്‍ ഏഴാം കല്ലിലുള്ള ബിജെപി നേതാവിനും പഞ്ചായത്തംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ആരോപണം. അതിനെ തള്ളി മറുവിഭാഗവും നിലകൊണ്ടു. വാക്‌പോര് ശക്തമായി നടക്കവേയാണ് സംഘര്‍ഷമുണ്ടായത്.

വ്യാസനഗറിലെ ബിജെപി പ്രവര്‍ത്തകരായ ചിലര്‍ ഞായറാഴ്ച ഉച്ചയോടെ കൊവിഡ് വാക്‌സിനെടുക്കാനായി തൃശ്ശൂര്‍ സിഎച്‌സിയില്‍ എത്തിയത്. ഈ സമയത്ത് ഏഴാം കല്ലിലെ ചില ബിജെപി പ്രവര്‍ത്തകരും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും കിരണിന് കുത്തേല്‍ക്കുകയുമായിരുന്നു.