കുഴല്‍പ്പണ കേസ്; നഷ്ടപ്പെട്ട പണം ബിജെപിയുടെ അല്ലെന്ന് തൃശ്ശൂര്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍, ‘പ്രതികള്‍ക്ക് സിപിഐഎം ബന്ധം’

തൃശ്ശൂര്‍: തൃശ്ശൂര്‍ കുഴല്‍പ്പണ കവര്‍ച്ചയില്‍ നഷ്ടപ്പെട്ട പണം ബിജെപിയുടേതല്ലെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ്‌കുമാര്‍. ബിജെപിക്കാര്‍ പണം തട്ടിയെടുത്തു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടി സമാന്തരമായി അന്വേഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതിക്കാരനായ ധര്‍മ്മരാജന് മുറിയെടുത്തു നല്‍കിയിരുന്നു. പ്രചരണ സാമഗ്രികളുമായാണ് ധര്‍മ്മരാജന്‍ എത്തിയത്. ധര്‍മ്മരാജന്റെ കൈവശം പണമുള്ളതായി അറിയില്ലായിരുന്നുവെന്നും അനീഷ് കുമാര്‍ പറഞ്ഞു.

ബിജെപിയുടെ രണ്ട് നേതാക്കളുടെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്ന് പലരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ക്കൊന്നും ഈ കവര്‍ച്ചയില്‍ യാതൊരു പങ്കുമില്ലെന്നും അനീഷ് കുമാര്‍ പറഞ്ഞു.

കവര്‍ച്ചാ പ്രതികള്‍ക്ക് സിപിഐഎമ്മുമായാണ് ബന്ധം. പ്രതികളിലെ ദീപക്ക് മാത്രമാണ് ബിജെപിക്കാരന്‍. ബാക്കിയുള്ളവരെല്ലാം സിപിഐഎം ബന്ധമുള്ളവരാണെന്നും അനീഷ് കുമാര്‍ പറഞ്ഞു.