ജനരോഷത്തില്‍ നീറിപ്പുകഞ്ഞ് യുപി സര്‍ക്കാര്‍; 2022ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്ക, യോഗിയെ മാറ്റണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം

രണ്ടാം കൊവിഡ് തരംഗത്തിനിടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് യുപി. കൊവിഡ് ഏറ്റവുമധികം ദുരിതങ്ങള്‍ വിതച്ച സംസ്ഥാനം കൂടിയാണിത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും രോഗം വിതച്ച ആഘാതത്തിന്റെയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുടെയും പല ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആശുപത്രികളില്‍ പ്രവേശിക്കാനാവാതെ കൊവിഡ് രോഗികള്‍ വഴികളില്‍ ക്യൂ നില്‍ക്കുന്ന ദൃശ്യങ്ങള്‍. ഓക്‌സിജന്‍ ക്ഷാമവും ആശുപത്രികളില്‍ ബെഡോ മരുന്നോ ഇല്ലാത്തതിന്റെയും ദൃശ്യങ്ങള്‍.

ശ്മാശനങ്ങള്‍ മൃതശരീരങ്ങളാല്‍ നിറഞ്ഞിരിക്കുന്നതും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നതും ഗംഗയില്‍ അനാഥമായി ഒഴുകുന്ന മൃതദേഹങ്ങളും കൊവിഡില്‍ യോഗി സര്‍ക്കാരിന് സംഭവിച്ച അപചയങ്ങള്‍ വിളിച്ചുപറയുന്നവയായി.

ഇവയ്ക്കിടയിലാണ് ഒമ്പതുമാസങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ബിജെപിക്ക് കടക്കേണ്ടത്, അതും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയകൂറ് കൂടുതലുള്ള മണ്ണില്‍. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് അടിമുടി പിഴച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ആരോപിക്കുന്നത് എന്നതാണ് ബിജെപി ഇത്തവണ നേരിടുന്ന പ്രധാന വെല്ലുവിളി. സാമൂഹ്യ പ്രവര്‍ത്തകരും ജനങ്ങളും എന്തിനേറെ, പാര്‍ട്ടി നേതാക്കളില്‍ ചിലരും സര്‍ക്കാരിനെതിരെ തിരിഞ്ഞുകഴിഞ്ഞു.

കൊവിഡ് രോഗികള്‍ക്ക് അടിസ്ഥാന ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് വാദിക്കുന്നതെങ്കിലും ഇക്കാര്യം ജനങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടില്ല.

ബിജെപിയെ സംബന്ധിച്ചിടത്തോളം മഹാമാരി രൂക്ഷമായത് പാര്‍ട്ടിയുടെ കഷ്ടകാലത്തിലേക്കായിരുന്നു. പശ്ചിമ മേഖലകളിലെ ജാട്ട് പ്രശ്‌നം, മോഡി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ കര്‍ഷകര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം തുടങ്ങി പാര്‍ട്ടി പലകാര്യങ്ങളിലും സ്വന്തം നിലയില്‍ത്തന്നെ പ്രതിരോധത്തിലായിരിക്കവെയായിരുന്നു കൊവിഡ് ആഞ്ഞടിച്ചതും.

Also Read: മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കില്ല; നിര്‍ണായക തീരുമാനവുമായി കോണ്‍ഗ്രസ്, തീരുമാനത്തിന് പിന്നിലെന്ത്?

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളായിരുന്ന വരാണസിയിലും അയോധ്യയിലും മഥുരയിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത് അടിത്തറയിളകുന്നതിന്റെ ലക്ഷണങ്ങളായാണ് പാര്‍ട്ടി വൃത്തങ്ങളടക്കം വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലോക്‌സഭാ മണ്ഡലം കൂടിയാണ് വരാണസി എന്നതും ശ്രദ്ധേയമാണ്. 3050 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 750 സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ജയിച്ചുകയറിയത്.

ഇവിടെ സമാജ് വാദി പാര്‍ട്ടി 760 സീറ്റുകള്‍ പിടിച്ചു. വിജയിച്ചത് തങ്ങള്‍ തന്നെയാണെന്നാണ് ബിജെപി നേതാക്കള്‍ പരസ്യമായി അവകാശപ്പെടുന്നതെങ്കിലും കൊവിഡ് കൈകാര്യം ചെയ്തതിലെ പാകപ്പിഴ തെരഞ്ഞെടുപ്പിനെ ഗുരുതരമായി ബാധിച്ചെന്ന് ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ സമ്മതിക്കുന്നുണ്ട്. ‘ഓക്‌സിജന്‍ ലഭ്യതക്കുറവും ഉയര്‍ന്ന മരണ നിരക്കും ഒരു വിഭാഗം ജനങ്ങളെ തീര്‍ത്തും അസ്വസ്ഥരാക്കി. മറുഭാഗത്ത് കര്‍ഷകരുടെ പ്രക്ഷോഭം തണുപ്പിക്കാന്‍ ഒന്നും ചെയ്യാതിരുന്നതും വിലങ്ങുതടിയായി’, ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രകടനം മോശമായതും മഹാമാരിയെ പ്രതിരോധിക്കുന്നതിലുണ്ടായ അപര്യാപ്തതകളും പരിഗണിക്കുമ്പോള്‍ ഇക്കുറി തുടര്‍ ഭരണം ഉണ്ടാകുമോ എന്ന ഭീതി ബിജെപിക്കുണ്ട്. ഈ ഭയം തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പ് സ്ട്രാറ്റജി മാറ്റാനുള്ള ആവശ്യകതയിലേക്കാണ് പാര്‍ട്ടിയെ എത്തിച്ചിരിക്കുന്നത്.

ഇതിനായി അടിയന്തിര യോഗങ്ങളിലേക്കും തീരുമാനങ്ങളിലേക്കും കടക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസും ബിജെപിയും. മോഡിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കളും ആര്‍എസ്എസ് നേതാക്കളും യുപിയുടെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു.

തുടര്‍ന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദട്ടാത്രേയ ഹൊസബല്ലേ ലക്‌നൗവിലെത്തുകയും ആര്‍എസ്എസ് നേതാക്കളുമായി സ്ട്രാറ്റജി യോഗങ്ങള്‍ ചേരുകയും ചെയ്തു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും സംസ്ഥാനത്തെത്തി മന്ത്രമാരുമായും പാര്‍ട്ടി നേതാക്കളുമായും കൊവിഡ് കൈകാര്യം ചെയ്യുന്നതിലുണ്ടായ പിടിപ്പുകേടുകളെപ്പറ്റി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തുകയും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പിടിപ്പുകേടിനെ എങ്ങനെ മറികടക്കാമെന്ന് കൂടിയലോചിക്കുകയും ചെയ്തു.

സര്‍ക്കാരിന് ജനങ്ങള്‍ക്കിടയിലുണ്ടായിരിക്കുന്ന പ്രതിച്ഛായ ഇടിവ് നേതാക്കളെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഡെക്കാന്‍ ഹെറാള്‍ഡിനോട് തുറന്നുസമ്മതിച്ചെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് പ്രതിപക്ഷത്തിന്റെ പ്രചാരണമാണെന്നും പേര് വെളിപ്പെടുത്താത്ത അദ്ദേഹം വാദിക്കുന്നു.

വീമ്പിളക്കലില്‍ ഇനി അഭിരമിച്ചിട്ട് കാര്യമില്ലെന്ന പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ ഒളിഞ്ഞും മറഞ്ഞും പറയുന്ന പശ്ചാത്തലത്തില്‍ പ്രചാരണ രീതി മാറ്റാനും പുതിയ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് കൊണ്ടുവരാനുമാണ് നേതാക്കള്‍ ശ്രമിക്കുന്നത്. ‘എല്ലാ ബൂത്തുകളിലും വിജയം’ എന്ന മുന്‍ മുദ്രാവാക്യത്തില്‍നിന്ന് ‘എല്ലാ ബൂത്തുകളിലും വാക്‌സിന്‍’ എന്ന പുതിയ തന്ത്രത്തിലേക്കാണ് ആദ്യ മാറ്റത്തിനുള്ള ശ്രമം.

Also Read: പഞ്ചാബില്‍ ദളിത് നേതാവിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; സിദ്ധുവിനും മന്ത്രിസഭയില്‍ മികച്ച സ്ഥാനം നല്‍കും

ഗ്രാമപ്രദേശങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുത്ത് ആളുകള്‍ക്ക് എല്ലാവിധ ചികിത്സാ സംവിധാനങ്ങളും ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പിനോടടുത്ത ഈ ഘട്ടത്തില്‍ ബിഎല്‍ സന്തോഷ് അണികളോടും നേതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ‘അവരുടെ വിഷമ ഘട്ടത്തില്‍ നമ്മള്‍ അവരോടൊപ്പം ഉണ്ടായിരുന്നെന്ന തോന്നലുണ്ടാക്കണം. അവര്‍ക്ക് സാധ്യമാകുന്ന എല്ലാ സഹായവും എത്തിക്കണം’, സന്തോഷ് ആവശ്യപ്പെട്ടിരിക്കുന്നതിങ്ങനെ.

തെരഞ്ഞെടുപ്പ് മാത്രമല്ല യുപി ബിജെപിയെ സംബന്ധിച്ചിടത്തോളം തലവേദയുണ്ടാക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് തരംഗത്തില്‍ അഞ്ച് ബിജെപി എംഎല്‍എമാര്‍ക്കാണ് യുപിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഈ മരണങ്ങള്‍ക്ക് പിന്നാലെ നേതാക്കള്‍ക്കിടയില്‍നിന്നുതന്നെ സര്‍ക്കാരിനെതിരെ മുറുമുറുപ്പ് രൂക്ഷമായിട്ടുണ്ട്. നിരവധി പാര്‍ട്ടി എംപിമാരും എംഎല്‍എമാരും ഒരു മന്ത്രിതന്നെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും പരാജയമാണെന്ന് പൊട്ടിത്തെറിച്ച് രംഗത്തെത്തി. ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിലും കൊവിഡിനുപയോഗിക്കുന്ന രണ്‍ദേസിവിര്‍ മരുന്നും എത്തിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഇവര്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന രീതികളോടും പാര്‍ട്ടിക്കുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് വിവരം. ബിഎല്‍ സന്തോഷുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ യോഗിയോടുള്ള വിയോജിപ്പുകള്‍ മൗര്യ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മുഖമായി യോഗി ആദിത്യനാഥിനെത്തന്നെ ഉയര്‍ത്തിക്കൊണ്ടുവരരുതെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്. തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്ത സാഹചര്യത്തിലും യോഗിയെ മാറ്റി മറ്റൊരാളെ കൊണ്ടുവരണമോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നേതൃമാറ്റം നല്ല സന്ദേശമല്ല പ്രചരിപ്പിക്കുക എന്നതാണ് ഇതിന് കാരണം.

Also Read: ഭാര്യയുടെ ആരോഗ്യം തിരക്കി മോഡിയുടെ ഫോണ്‍കോള്‍; വിളിച്ചത് മുകുള്‍ റോയിയുടെ ‘ഘര്‍വാപസി’ ചെറുക്കാനെന്ന് റിപ്പോര്‍ട്ടുകള്‍

എന്നിരുന്നാലും, തെരഞ്ഞെടുപ്പിന് ഇനിയുമുള്ള ഒമ്പത് മാസങ്ങള്‍ക്കൊണ്ട് ബിജെപി ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവുകളും പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ ജെപി ശുക്ല അഭിപ്രായപ്പെടുന്നത്.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുണ്ടായിരിക്കുന്ന അമര്‍ഷവും അതൃപ്തിയും മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമവും സജീവമാണ്. ആളുകളുടെ അസ്വസ്ഥതയില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്ട്രാറ്റജികള്‍ എത്രത്തോളം ഫലിക്കും എന്ന ചോദ്യവും ചില നിരീക്ഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്.