സംസ്ഥാനത്ത് ഏഴുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തില്‍ ഏഴ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് തമിഴ്‌നാട് സ്വദേശികളിലടക്കമാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഫംഗസ് മാരകമായ ഒന്നല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിത്ത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ് ഫംഗസ് സാധ്യതയുള്ളത്. മണ്ണ്, വായു, ഭക്ഷണം എന്നിവയിലൊക്കെ ഫംഗസ് ഉണ്ടാകാം. വായുവിലുള്ള മ്യൂക്കോമൈസെറ്റെസ് ആണ് രോഗബാധയുണ്ടാക്കുന്നത്.

കൊവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് കാണുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേഖറിയ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷവും കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈസെറ്റെസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം 50 ശതമാനമാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റവരുടെ മരണ നിരക്ക്.

Read More: ഗാസയിലെ മാധ്യമ ഓഫീസുകള്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; അല്‍ജസീറ, എ പി ഓഫീസുകള്‍ തകര്‍ത്തു; അഭയാര്‍ത്ഥി ക്യാംപിലെ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പ്രധാനമായും ശ്വാസ നാളിയെയും ശ്വാസകോശത്തെയുമാണ് ഈ ഫംഗസ് ബാധിക്കുന്നത്. ശ്വസിക്കുന്നത് വഴിയും, മുറിവുകള്‍ വഴിയും ഫംഗസ് അംശങ്ങള്‍ മനുഷ്യ ശരീരത്തിലെത്താം. ശരീരത്തിലെ ഏത് ഭാഗത്തെയും ബാധിക്കാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മൂക്കടപ്പ്, കണ്ണുകളിലെയോ കവിളിലെയോ വീക്കം, മൂക്കിനുള്ളിലെ കറുത്ത പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം വിദഗ്ദ്ധ പരിശോധനക്ക് വിധേയമാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കുന്നു.

പൊടിയുള്ള ചുറ്റുപാടുകളില്‍ നിന്നും മാറി നിന്നും, പൊടിയും മണ്ണും കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ശരീരം കൃത്യമായി മറയുന്ന വസ്ത്രങ്ങള്‍ ധരിച്ചും, ഗ്ലൗസും ഷൂസും ഉപയോഗിച്ചും മുറിവുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയും ഒരു പരിധി വരെ ഫംഗസ് ബാധ തടയാനാകും.

Read More: ‘ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ആദ്യതരംഗത്തിലുണ്ടായ അശ്രദ്ധ’; സര്‍ക്കാരിനെ കുറ്റപ്പെടുത്തി മോഹന്‍ ഭാഗവത്