അമേരിക്കയിൽ വീണ്ടും വംശീയ കൊലപാതകം; ഉച്ചത്തിൽ പാട്ടുവെച്ചതിന് യുവാവിനെ വെടിവെച്ചുകൊന്നു; നീതി തേടി കുടുംബം

സ്വന്തം കാറിൽ ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചതിന് കറുത്തവർഗക്കാരനായ യുവാവിനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. കൊലപാതകത്തിൽ ഗ്രിഗറി ലിവിങ്‌സൺ എന്ന മുൻ പൊലീസ് ഉദ്ദോഗസ്ഥനെ അറസ്റ്റ് ചെയ്‌തു. ഇതൊരു വംശീയ അക്രമണമാണെന്നും കറുത്ത വർഗക്കാരനായതിനാൽ മാത്രമാണ് മോട്ട്ലെ കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

ടെന്നസിയിലെ മെംഫിസിലുള്ള ക്രൊഗെർ ഗ്യാസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ആൽവിൻ മോട്ട്ലെ ജൂനിയർ എന്ന യുവാവ് സഞ്ചരിച്ച കാറിൽ ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്‌തത്‌ വെള്ളക്കാരനായ ലിവിങ്‌സൺ ചോദ്യം ചെയ്ത് കയർത്തു സംസാരിച്ചു. തുടർന്ന് ലിവിങ്‌സനടുത്തേക്ക് നടന്നുചെന്ന മോട്ട്ലെയെ അദ്ദേഹം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് രേഖകൾ ഉദ്ധരിച്ച് വൈസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മോട്ട്ലെ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. നിലവിൽ സെക്യൂരിറ്റി ഗാർഡായ ലിവിങ്‌സണ് വെടിയുതിർക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ല.

‘ആൽവിൻ മോട്ട്ലെക്ക് ഈ നാട്ടിൽ ജീവിക്കാനും, ഗ്യാസ് സ്റ്റേഷനിൽ നിന്നും ഗ്യാസ് നിറക്കുവാനും, പാട്ട് കേൾക്കാനും എല്ലാ അവകാശവുമുണ്ട്, കാരണം ഇത് അമേരിക്കയാണ്. എത്ര ഉച്ചത്തിൽ പാട്ടുവെച്ചാലും അതിന്റെ പേരിൽ ഒരു കറുത്തവർഗക്കാരൻ യുവാവിനെ കൊല്ലാൻ ആർക്കും അധികാരമില്ല,’ എന്ന് മോട്ട്ലെയുടെ കുടുംബത്തിന്റെ അഭിഭാഷകനും പ്രശസ്ത നിയമജ്ഞനുമായ ബെൻ ക്രംബ് പറഞ്ഞു. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും പിതാവ് ആൽവിൻ മോട്ട്ലെ സീനിയറും മാധ്യമങ്ങളോട് പറഞ്ഞു.

ഷിക്കാഗോ സ്വദേശിയായ 48കാരൻ മോട്ട്ലെ ബിസിനസ് ആവശ്യത്തിനും സുഹൃത്തുക്കളെ കാണുന്നതിനുമായിരുന്നു ടെന്നസിയിലെത്തിയത്. അറിയപ്പെടുന്ന പ്രാദേശിക സെലിബ്രിറ്റിയായിരുന്നു മോട്ട്ലെയെന്ന് ഷിക്കാഗോയിലെ മാധ്യമപ്രവർത്തകയായ സിമോൺ വൂൾറിഡ്‌ജ്‌ ട്വീറ്റ് ചെയ്‌തു. ഒരു നടൻ ആയി മാറണമെന്നായിരുന്നു മോട്ട്ലെയുടെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.

ഉച്ചത്തിൽ പാട്ടുകേട്ടതിന്റെ പേരിൽ അമേരിക്കയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ കറുത്തവർഗക്കാരനല്ല മോട്ട്ലെ. ഓറഗണിലെ ഒരു ഹോട്ടൽ പാർക്കിങ് സ്ഥലത്ത് കാറിൽ പാട്ടുവെച്ചതിന് കഴിഞ്ഞ വർഷം കൗമാരക്കാരനായ കറുത്തവർഗക്കാരനെ വെടിവെച്ചു കൊന്നിരുന്നു. 2017ൽ ഫ്ളോറിഡയിലും സമാനമായ സംഭവത്തിൽ 17കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതേ അനുഭവമാണ് മോട്ട്ലെക്കും സംഭവിച്ചതെന്ന് അഭിഭാഷകൻ ക്രംബ് പറഞ്ഞു.

2020 മെയ് മാസത്തിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനായ യുവാവിനെ മിനെസോട്ടയിൽ പൊലീസ് കൊലപ്പെടുത്തിയതിനെ തുടർന്ന് ടെന്നസിയിലും വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. മോട്ട്ലെ കൊല്ലപ്പെട്ട മെംഫിസും പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു.