കൊല്ലം: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കള്‍ക്കെതിരെ എത്തി നില്‍ക്കവെ, കൊല്ലം ചാത്തന്നൂരിലും പാര്‍ട്ടി തെരഞ്ഞെടുപ്പ് സമയത്ത് പണമൊഴുക്കിയെന്ന് യുഡിഎഫ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായിരുന്നു ചാത്തന്നൂര്‍. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിബി ഗോപകുമാര്‍ കോടികള്‍ ചെലതവഴിച്ചെന്ന് യുഡിഎഫ് നേതാവ് ബിജു പാരിപ്പള്ളി പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
‘എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് അഞ്ചുകോടിരൂപവരെ ബിജെപി കൊടുത്തിട്ടുണ്ട്. ചാത്തന്നൂരിലെ ഒരു ബൂത്തില്‍ മാത്രം 90,000 രൂപയാണ് ഇറക്കിയത്. കൊടകരയ്ക്ക് സമാനമായ കുഴല്‍പ്പണ ഇടപാട് ചാത്തന്നൂരിലും നടന്നെന്നാണ് സംശയിക്കുന്നത്’, യുഡിഎഫ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുകൂടിയായ ബിജു പറയുന്നു.
കേരളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ധൂര്‍ത്താണ് നടന്നത്. ഇതില്‍ അവന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാത്തന്നൂരില്‍ കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്കി.
കര്‍ണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിരവധിത്തവണ വന്നുപോയെന്നും ബിജു ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിബി ഗോപകുമാര്‍ തന്നെയായിരുന്നു ചാത്തന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് ഫണ്ട് മിച്ചം വന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത്തവണത്തെ ധൂര്‍ത്തിലും സംശയങ്ങളുണ്ട്. കൊടകര കുഴല്‍പണ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ സംശയം ബലചപ്പെടുകയാണെന്നും ബിജു കൂട്ടിച്ചേര്‍ത്തു.