ഭോപ്പാലില്‍ മുതിര്‍ന്ന സംവിധായകന് പ്രകാശ് ഝാ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞിട്ടും മൗനം തുടര്‍ന്ന് ബോളിവുഡിലെ പ്രമുഖര്‍. ഷൂട്ടിങ്ങ് സെറ്റിലേക്ക് അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ട ബജ്റംങ് ദള്‍ പ്രവര്‍ത്തകര്‍ ‘ഞങ്ങള്‍ക്ക് ബോബി ഡിയോളിനെയാണ് വേണ്ടത്’ എന്ന് ആക്രോശിക്കുന്ന വീഡിയോയും പുറത്തുവന്നു. ‘ആശ്രം’ വെബ് സീരീസ് ചിത്രീകരണം ഇനി തുടരാന്‍ അനുവദിക്കില്ലെന്ന പരസ്യ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ബോളിവുഡിലെ ഒന്നാം നിര നടീ നടന്മാരോ സംവിധായകരോ സംഘടനകളോ ഇതുവരെ സംഭവത്തെ അപലപിക്കുകയോ വിഷയത്തില്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, നടി സ്വര ഭാസ്കര്‍, സംവിധായകന് സുധീര്‍ മിശ്ര എന്നിങ്ങനെ ഏതാനും ചില പ്രമുഖര്‍ മാത്രമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
ഞെട്ടിപ്പിക്കുന്നത്, ലജ്ജാകരം, അവിശ്വസനീയം! പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ല.
സ്വര ഭാസ്കര്‍
അക്രമികളായ ആള്‍ക്കൂട്ടങ്ങളെ ശിക്ഷയില്‍ നിന്നൊഴിവാക്കുന്ന സംസ്കാരം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും ആരും ആക്രമിക്കപ്പെടാവുന്നതുമായ അവസ്ഥയിലാണ്. വിചിത്രവും ഭയാനകവുമാണിതെന്നും സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തു.

അക്രമത്തെ ശക്തമായി അപലപിക്കുകയാണെന്ന് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് പ്രസ്താവിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. നിര്‍മ്മാണ രംഗത്തയും പ്രദര്ശനമേഖലയേയും ലക്ഷ്യമിട്ട് വിവിധ സംഘങ്ങള്‍ ശിക്ഷാഭീതിയില്ലാതെ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് വര്‍ധിച്ചുവരുന്നത് ഭയജനകമാണ്. ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ചിത്രീകരണത്തിനും സംരക്ഷണമൊരുക്കണം. അക്രമം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത നടപടി സ്വീകരിക്കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

സിനിമാ മേഖല ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് സംവിധായകന് സുധീര്‍ മിശ്ര പ്രതികരിച്ചു. അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ല. സംഘടനകളേ മുന്നോട്ട് വരൂ. നിങ്ങളുടെ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കൂയെന്നും സുധീര്‍ മിശ്ര ട്വീറ്റ് ചെയ്തു. പേടികൊണ്ടുള്ള നിശ്ശബ്ദതയും തുടരുന്ന കീഴടങ്ങലുകളും ഇത്തരം അക്രമികള്‍ക്കും അടിച്ചമര്‍ത്തലിനും കൂടുതല്‍ കരുത്തുപകരുകയേ ഉള്ളൂയെന്ന് സംവിധായകന് ഹന്‍സല്‍ മെഹ്ത ചൂണ്ടിക്കാട്ടി. പൂച്ചയ്ക്കാരാണ് മണി കെട്ടുകയെന്നും ‘അലിഗഡ്’ സംവിധായകന് ട്വിറ്ററില്‍ ചോദിച്ചു.

ഇന്നലെയാണ് സംഘ്പരിവാര്‍ സംഘടനയായ ബജ്റങ് ദള്‍ ‘ആശ്രം’ ലൊക്കേഷനില്‍ അക്രമം അഴിച്ചുവിട്ടത്. ഭോപ്പാലിലെ സെറ്റില്‍ ആശ്രം വെബ് സീരീസിന്റെ ചിത്രീകരണ സ്ഥലത്തേക്ക് ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ച് അതിക്രമിച്ചു കയറി. സെറ്റിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും സംവിധായകന് പ്രകാശ് ഝായെ കൈയ്യേറ്റം ചെയ്ത് മുഖത്ത് മഷിയൊഴിക്കുകയും ചലച്ചിത്ര പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലുകയും ചെയ്തു. സിനിമാ തൊഴിലാളികളിലൊരാളെ ലൈറ്റ് സ്റ്റാന്‍ഡ് ഉപയോഗിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തി.
ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ബജ്റങ് ദള്‍ സീരീസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് നടന് ബോബി ഡിയോളിനെതിരെ ഭീഷണി മുഴക്കി. സീരീസ് ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കുകയാണെന്ന് ബജ്റങ് ദള്‍ നേതാവ് സുശീല്‍ സുരേലെ ആരോപിച്ചു. ‘ഗുരു സ്ത്രീകളോട് അതിക്രമം നടത്തുന്നത് പ്രകാശ് ഝാ ആശ്രമില് കാണിച്ചു. ഒരു ക്രിസ്ത്യന്‍ പള്ളിയേക്കുറിച്ചോ മദ്രസയേക്കുറിച്ചോ ഇങ്ങനെയൊരു ചിത്രം ചെയ്യാന്‍ അയാള്‍ക്ക് ധൈര്യമുണ്ടോ? ആരാണെന്നാണ് അയാളുടെ വിചാരം? ബജ്റങ് ദള്‍ അയാളെ വെല്ലുവിളിക്കുകയാണ്. ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. ഇപ്പോള്‍ പ്രകാശ് ഝായുടെ മുഖത്ത് കരിതേച്ചിട്ടേയുള്ളൂ. ഞങ്ങള്‍ക്ക് ബോബി ഡിയോളിനെയാണ് വേണ്ടത്. അയാള്‍ സണ്ണി ഡിയോളിനെ കണ്ട് പഠിക്കണം. അദ്ദേഹം ദേശസ്നേഹമുള്ള ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.’ ബജ്റങ് ദള്‍ നേതാവ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സംവിധായകന് പ്രകാശ് ഝാ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ചിത്രീകരണം തടസപ്പെടുത്തുകയും സെറ്റ് തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഇര്‍ഷാദ് അലി പ്രതികരിച്ചു.