ഐസ്‌ക്രീം ബോളാണെന്ന് കരുതി കളിക്കാനെടുത്തു, കണ്ണൂരില്‍ കുട്ടികളുടെ കയ്യിലിരുന്ന് ബോംബ് പൊട്ടി; അഞ്ചുവയസുകാരന് സാരമായ പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ഐസ്‌ക്രീം ബോളാണെന്ന് കരുതി കളിക്കാനെടുത്ത ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആളൊഴിഞ്ഞ പറമ്പില്‍നിന്ന് ലഭിച്ച ഐസ്‌ക്രീം ബോള്‍ വീട്ടില്‍ കൊണ്ടുവന്ന് കളിക്കുന്നതിനിടെയായിരുന്നു അപകടം. ബോള്‍ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ചതിനിടെയാിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്.

വീടിനകത്തുവെച്ചായിരുന്നു സംഭവം. അഞ്ചുവയസുകാരനായ മുഹമ്മദ് ആമീനിനും ഒന്നരവയസുകാരനായ മുഹമ്മജ് റഷീദിനുമാണ് പരിക്കേറ്റത്. കുത്തിപ്പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ബോംബ് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.

ആമീന്റെ പരിക്ക് സാരമുള്ളതാണ്. നെഞ്ചിലും കാലിലും ചീളുകള്‍ തറച്ചുകയറി. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. റഹീദിനെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ സൂക്ഷിച്ച ബോംബായിരിക്കാം ഇതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ ആളൊഴിഞ്ഞ പറമ്പുകളില്‍ നേരത്തെയും ബോംബുകള്‍ കണ്ടെത്തിയിരുന്നു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.