ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം; ഉപാധികള്‍ നാളെ, മറ്റുള്ളവര്‍ക്കും ജാമ്യം

മുംബൈ: ആഡംബരകപ്പലിലെ മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം നല്‍കിയത്. കേസിലെ മറ്റ് പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മൂണ്‍ മൂണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. ജാമ്യ ഉപാധികള്‍ കോടതി വെള്ളിയാഴ്ച പറയും.

തനിക്കെതിരെ യാതൊരു തെളിവുമില്ലെന്നാണ് ആര്യന്‍ കോടതിയില്‍ വാദിച്ചത്. തന്റെ വാട്‌സ്ആപ് ചാറ്റുകള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ആര്യന്‍ പറഞ്ഞിരുന്നു. ആര്യന്‍ ഖാന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജരായത്.

നേരത്തെ ആര്യന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30 വരെ പ്രത്യേക കോടതി നീട്ടിയിരുന്നു. ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു, മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്. ഇതിനെ തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയെ ആര്യന്‍ സമീപിച്ചത്.

ഒക്ടോബര്‍ രണ്ടിനായിരുന്നു ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ചന്റ്, മോഡല്‍ മുന്‍മുന്‍ ധമേച എന്നിവരടക്കം എട്ടുപേരെ ആഢംബര കപ്പലിലെ പാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡിനിടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഒക്ടോബര്‍ മൂന്നിന് ഇവരെ കോടതി എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.