‘എല്ലാ കാര്യങ്ങളും പഠിക്കണ്ടെ?’; സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ ഉള്‍പ്പെടുത്തിയതില്‍ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍. എല്ലാ കാര്യങ്ങളും പഠിക്കണ്ടേ?. വിഷയത്തില്‍ സംവാദം നടത്തും. അധ്യാപകരുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് തയ്യാറാക്കിയതെന്ന് ആരോപണമുണ്ട്. ഈ വിഷയത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് എം.എ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ഉള്ളത്. പുതുതായി അനുവദിച്ച കോഴ്‌സ് ആണിത്. അതിനാല്‍ ബ്രണ്ണന്‍ കോളേജിലെ തന്നെ അധ്യാപകര്‍ സിലബസ് തയ്യാറാക്കി നല്‍കുകയും അത് വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയും ചെയ്‌തെന്നാണ് വിവരം.

വി.ഡി സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’, എം.എസ് ഗോള്‍വാള്‍ക്കറുടെ പുസ്തകം ‘ബഞ്ച് ഓഫ് തോട്ട്‌സ്’, ഗോള്‍വാള്‍ക്കറുടെ തന്നെ ‘വീ ഔര്‍ നാഷന്‍ഗുഡ് ഡിഫൈന്‍ഡ്’, ബല്‍രാജ് മധോകിന്റെ ‘ഇന്ത്യനൈസേഷന്‍; വാട്ട് വൈ ആന്റ് ഹൗ’ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.