കോപ്പ അമേരിക്കയില്‍ ബ്രസീല്‍ വിജയിക്കുമോ?; എങ്കില്‍ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രസീല്‍ കളിക്കാരനാവും നെയ്മര്‍

ഞായറാഴ്ച പുലര്‍ച്ചെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടും. പത്താം കോപ്പ അമേരിക്ക കീരിടം തേടിയാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്.

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ വിജയിച്ചാല്‍ സൂപ്പര്‍ താരം നെയ്മര്‍ ഒരു നേട്ടം സ്വന്തമാക്കും. ആ നേട്ടം നെയ്മര്‍ സ്വന്തമാക്കുമെന്നാണ് ബ്രസീലിയന്‍ ആരാധകര്‍ വിശ്വസിക്കുന്നത്.

കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പുകള്‍, ഒളിംപിക്‌സ് സ്വര്‍ണ്ണം എന്നിവ സ്വന്തമാക്കുന്ന ആദ്യ ബ്രസീലിയന്‍ കളിക്കാരന്‍ എന്ന നേട്ടമാണ് നെയ്മറിന് സ്വന്തമാവുക. 2016റില്‍ റിയോ ഡി ജെനീറോയില്‍ നടന്ന ഒളിമ്പിക്‌സിലാണ് ബ്രസീല്‍ വിജയിച്ച് സ്വര്‍ണ്ണം സ്വന്തമാക്കിയത്.

കോപ്പ അമേരിക്കയുടെ ഫൈനലില്‍ അര്‍ജന്റീന വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് നെയ്മര്‍ പറഞ്ഞിരുന്നു.
‘ഫൈനലില്‍ അര്‍ജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അര്‍ജന്റീന ടീമില്‍ വളരെയധികം സുഹൃത്തുക്കളുണ്ട്. അത് കൊണ്ടാണ് ഞാന്‍ അവരെ പിന്തുണക്കുന്നത്. ഫൈനലില്‍ ബ്രസീല്‍ തന്നെ ജയിക്കും’ എന്നായിരുന്നു നെയ്മര്‍ പറഞ്ഞത്.

തോല്‍വിയറിയാതെ ബ്രസീല്‍ മുന്നേറുമ്പോള്‍ നെയ്മര്‍ അഭിമുഖം നല്‍കിയിരുന്നു. ഓ മൈ ഗോളിനാണ് ഫേസ്ബുക്ക് അഭിമുഖം നല്‍കിയത്. ഇതില്‍ പ്രധാനപ്പെട്ട ഒരു ചോദ്യം സാങ്കേതികമായി തന്നേക്കാള്‍ മികച്ച താരങ്ങള്‍ ആരൊക്കെ എന്നായിരുന്നു.

‘എന്നേക്കാള്‍ സാങ്കേതിക തികവുള്ള താരമോ? എനിക്കറിയില്ല, ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാവുമോ എന്ന്. ഈ ലോകത്തോട് എല്ലാ വിനയവും പുലര്‍ത്തിക്കൊണ്ട് ഞാന്‍ പറയട്ടെ, ഇന്ന് ഫുട്‌ബോളില്‍ ഏറ്റവും മികച്ച ടെക്‌നിക്കല്‍ പ്ലയര്‍ ഞാന്‍ തന്നെയാണെന്നാണ് എന്റെ വിശ്വാസം’ എന്നായിരുന്നു നെയ്മറിന്റെ ആദ്യ മറുപടി. പിന്നീട് നെയ്മര്‍ തന്നേക്കാള്‍ മികച്ച സാങ്കേതിക തികവുള്ള അഞ്ച് കളിക്കാരുടെ പേര് പറഞ്ഞു.

ലയണല്‍ മെസി, മാര്‍കോ വെറാറ്റി, കെവിന്‍ ഡി ബ്രൂയിന്‍, ഈഡന്‍ ഹസാഡ്, തിയാഗോ അലകാന്റ്ര എന്നിവരെയാണ് നെയ്മര്‍ തന്നേക്കാള്‍ മികച്ച സാങ്കേതിക തികവുള്ളവരായി പറഞ്ഞത്.