‘ഒരു ബേജാറുമില്ല’; മറുപടി ഇപ്പോള്‍ തന്നെ വേണോയെന്ന് മുഖ്യമന്ത്രിയോട് കെ സുധാകരന്‍

തലശ്ശേരി ബ്രണ്ണന്‍ കോളേജ് പഠനകാലത്തെ അനുഭവ കഥകളേച്ചൊല്ലി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക് പോര് തുടരുന്നു. കെ സുധാകരന്‍ തല്ലിയതും ചവിട്ടിയതും സ്വപ്‌നത്തിലായിരിക്കുമെന്നും തന്റെ കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളാണ് സുധാകരനെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെ മറുപടിയുമായി കെപിസിസി അദ്ധ്യക്ഷനെത്തി.

എനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ല. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോ? നാളത്തെ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കും.

കെ സുധാകരന്‍

ചെറുതായി പ്രതികരിച്ചാല്‍ പോരാ. മാധ്യമസുഹൃത്തുക്കളോട് വിശദമായി പറയാനുണ്ട്. രാവിലെത്തന്നെ മാധ്യമങ്ങളെ കാണുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എ കെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും പിണറായിയെ ചവിട്ടി വീഴ്ത്തിയ ശേഷം വളഞ്ഞിട്ട് തല്ലിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Also Read: ‘എന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടു; മുന്നറിയിപ്പ് തന്നത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പറഞ്ഞത്

കെ സുധാകരന് അങ്ങനെയൊരു സ്വപ്‌നമോ മോഹമോ ഉണ്ടായിക്കാണും. എന്നെ കിട്ടിയാലൊന്ന് തല്ലാമെന്നും വേണമെങ്കില്‍ ചവിട്ടിവീഴ്ത്താമെന്നും അദ്ദേഹം മനസില്‍ കണ്ടിട്ടുണ്ടാകും. വസ്തുവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറയുന്നത്.

ഈ പറയുന്ന സംഭവം നടക്കുന്ന കാലത്ത് ഞാന്‍ കെഎസ്എഫിന്റെ സംസ്ഥാന ഭാരവാഹിയാണ്. അന്നേ ദിവസം സംഘടന ക്ലാസ് ബഹിഷ്‌കരണം ആഹ്വാനം ചെയ്തിരുന്നു. അന്നൊരു പരീക്ഷയുണ്ട്. ഞാന്‍ ആ പരീക്ഷ എഴുതേണ്ടയാളാണ്. നേരത്തെ ഇങ്ങനെയൊരു പരീക്ഷ ബഹിഷ്‌കരണം ആഹ്വാനം ചെയ്ത കെഎസ്‌യു നേതാവ്. അദ്ദേഹവും ഇന്ന് കേരളത്തിലെ പ്രമുഖനായ നേതാവാണ്. പോയി പരീക്ഷ എഴുതിയ സംഭവം അന്നുണ്ടായിരുന്നു. ആ നടപടിയെ വിമര്‍ശിച്ചയാളായതുകൊണ്ട് എന്റെ പരീക്ഷ എഴുതേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.

പക്ഷേ പരീക്ഷാ ദിവസം കോളേജില്‍ വരാതിരുന്നതിനാല്‍ അസുഖമായിട്ട് എഴുതിയില്ല എന്നും പറയാം. അതിനാല്‍ ഞാന്‍ അന്നേ ദിവസം കോളേജില്‍ പോയിട്ടും പരീക്ഷയില്‍ നിന്ന് വിട്ടു നിന്നു. പരീക്ഷയ്ക്ക് എതിരായ സമരം നടക്കുന്നുണ്ട്. അന്ന് സമരത്തിന് ആഹ്വാനം ചെയ്ത കെഎസ്എഫും അതിനെ തടഞ്ഞ കെഎസ്‌യുവും തമ്മില്‍ സംഘര്‍ഷമാണ്. അപ്പോഴാണ് വല്ലാത്ത സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. അന്ന് സുധാകരന്‍ ആ കൂട്ടത്തിലുണ്ട്. അയാളെ എനിക്ക് അതിനു മുന്‍പ് അറിയില്ല. ഞാന്‍ കോളേജ് വിട്ട സമയമാണത്. പരീക്ഷ എഴുതായി വന്നതാണ്. കോളേജ് വിട്ട ആളെന്ന നിലയ്ക്ക് തിരിച്ചു ചെല്ലുമ്പോള്‍ എനിക്ക് ആ പരിമിതിയുണ്ട്.

എന്റെ മനസില്‍ ഈ സംഘര്‍ഷത്തില്‍ കോളേജ് വിട്ടയാളായ ഞാന്‍ ഇടപെടാന്‍ പാടില്ല എന്നാണ്. പക്ഷേ സംഗതി കൈവിട്ടു പോയി. സംഘര്‍ഷം മൂര്‍ച്ചിച്ഛപ്പോള്‍ ഈ ചെറുപ്പക്കാരന് നേരെ പ്രത്യേക രീതിയിലൊരു ആക്ഷന്‍ ഞാനെടുത്തു. അയാളെ തല്ലിയില്ല, തൊട്ടില്ല പകരം ശക്തമായി കൈ രണ്ടും കൂട്ടിയിടച്ചു. ഒരു സംഘര്‍ഷ സ്ഥലത്ത് വച്ചുണ്ടാവുന്ന ശബ്ദമാണ് എന്നോര്‍ക്കണം. അന്നേരം ഈ വിദ്യാര്‍ത്ഥി നേതാവിന്റെ ഗുരുവും എന്റെ സുഹൃത്തുമായ ബാലന്‍ ഓടിയെത്തി. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞാണ് ബാലന്‍ വന്നത്. അയാളെന്നെ പിടിച്ചു. പിടിച്ചു കൊണ്ടു പോടാ, ആരാ ഇവന്‍? എന്നു ഞാന്‍ ബാലനോട് ചോദിച്ചു. അന്നേരം അവിടെ ഉണ്ടായിരുന്നവര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടുപോയി.

ഇതാണ് സംഭവിച്ചത്. സുധാകരന്‍ ഇപ്പോള്‍ മനസിലാക്കിക്കോ, അന്ന് അവിടെ അതു നിന്നത് ബ്രണ്ണന്‍ കോളേജ് വിട്ട ശേഷം അവിടെ പരീക്ഷ എഴുതാന്‍ വന്നയാളായിരുന്നു ഞാന്‍ എന്നത് കൊണ്ട് മാത്രമാണ്. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ മനസിന്റെ കണക്കുകൂട്ടലാണ്. പിന്നെ മറ്റൊരു കാര്യം, ഏതോ ഒരു ഫ്രാന്‍സിസിന്റെ കാര്യം അദ്ദേഹം പറയുന്നുണ്ട്. ഫ്രാന്‍സിസ് കത്തിയും കൊണ്ടാണ് എപ്പോഴും നടക്കുക എന്നാണ് പറയുന്നത്. ഫ്രാന്‍സിസ് വേദിയിലേക്ക് കേറി മൈക്ക് എടുത്ത് എന്റെ തലയ്ക്ക് അടിച്ചു. ഞാന്‍ മാറിയത് കൊണ്ട് രക്ഷപ്പെട്ടു. അപ്പോള്‍ ഇവരെല്ലാം കൂടി വന്ന് എന്നെ അടിച്ചു വീഴ്ത്തി എന്നാണ് കഥ. ഇതും അദ്ദേഹത്തിന്റെ മോഹമാവും. ഞാന്‍ കോളേജ് വിടും വരെ ഫ്രാന്‍സിസ് എന്നൊരാള്‍ അവിടെയില്ല. എന്റെ ശരീരത്തില്‍ തൊടണമെന്ന് ആഗ്രഹിക്കുന്ന പല ആള്‍ക്കാരും അവിടെയുണ്ടായിട്ടുണ്ടാവും. പക്ഷേ ആരും എന്റെ അടുത്തേക്ക് വന്നിട്ടില്ല. നേരത്തെ പൊലീസ് ചെയ്തത് മാത്രമേയുള്ളൂ.

കളരി പഠിച്ചിട്ടല്ല, ഞാന്‍ എന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാക്കാലത്തും ഞാന്‍ നിന്നത്. ബ്രണ്ണന്‍ കോളേജില്‍ കെഎസ്‌യുവിന് മൃഗീയ ആധിപത്യമുള്ള കാലത്താണ് ഞാന്‍ അവിടെ ചെന്നത്. എന്തിനും പോന്ന ഒരു വലിയ നിര അന്നവിടെ ഉണ്ടായിരുന്നു. സുധാകരനേക്കാള്‍ തടിമിടുക്കുള്ളവര്‍ അവിടെയുണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ കൂടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചു വന്നത്. അതിന്റെയൊക്കെ ഒരുപാട് കഥയുണ്ട്. ബ്രണ്ണന്‍ കോളേജില്‍ എന്താണ് നടന്നതെന്ന് അറിയാവുന്ന നിരവധി പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നത്?

Also Read: ‘ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ പിണറായിയുടെ തല പിളര്‍ന്നേനെ’; ബ്രണ്ണന്‍ കഥകളുമായി കെ സുധാകരന്‍; ‘പിച്ചാത്തിയുമായി നടന്നത് ഫ്രാന്‍സിസ്’