തിരുവനന്തപുരം: മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള വാക്പോരില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് രമ്യ ഹരിദാസ് എംപി. നിങ്ങളുടെ ആവനാഴിയിലെ അമ്പുകള്‍ പോരാതെ വരും. ചേര്‍ത്തുനിര്‍ത്താന്‍ തന്നെയാണ് തീരുമാനമെന്ന് കെ സുധാകരനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി വ്യക്തമാക്കി.
വെട്ടി നിരത്തിയാണ് ശീലം. എത്രപേര്‍, എത്ര തവണ. കാണാന്‍ അനുമതി നിഷേധിച്ചത് മുതല്‍ കടക്കു പുറത്തു വരെ എത്ര കഥകള്‍. കൊവിഡ് കണക്കുകള്‍ പുറത്തുവിട്ട് പിആര്‍ ഏജന്‍സികള്‍ വെളുപ്പിച്ചു തുടങ്ങി. പ്രമുഖരെ മുഴുവന്‍ തെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തി. പുതിയ മന്ത്രിസഭയില്‍
പരിചയസമ്പന്നരെ മുഴുവന്‍ വെട്ടി പുതിയ ചെക്ക്. വെളുപ്പിക്കാന്‍ പിആര്‍ ഏജന്‍സികളുടെ പുതിയ തന്ത്രം ‘പാര്‍ട്ടി നയം’. സ്വന്തം ചേരിയില്‍ ചോദ്യം ചെയ്യാന്‍ ആരും ഇല്ലാതാകുമ്പോള്‍,പാടി പുകഴ്ത്തലുകള്‍ മാത്രം കേട്ട് ശീലമാകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍, ചോദ്യം ചെയ്യുന്നവര്‍ കണ്ണിലെ കരടാകും. വര്‍ഗീയവാദിയാക്കും .പല പട്ടങ്ങളും ചാര്‍ത്തി നല്‍കും. പാടി പുകഴ്ത്തലുകള്ക്കപ്പുറമുള്ള യഥാര്‍ത്ഥ രൂപം ഒഴിവാക്കാനാകില്ലല്ലോ. ചോദ്യങ്ങള്‍ ചോദിക്കും,പറയാനുള്ളത് പറയും ,എതിര്‍ക്കാന്‍ ഉള്ളത് എതിര്‍ക്കും. പ്രതിരോധിക്കാന്‍ നിങ്ങളുടെ ആവനാഴിയിലെ അമ്പുകള്‍ പോരാതെ വരും. ചേര്‍ത്തുനിര്‍ത്താന്‍ തന്നെയാണ് തീരുമാനം’, രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് കെ സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. ഓഫ് ദ റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യമാണ് വാരികയിലെ അഭിമുഖത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഉന്നയിച്ച ആരോരപണങ്ങളോട് അതേ പോലെ മറുപടി പറയാന്‍ തനിക്ക് സാധിക്കില്ല. പിആര്‍ ഏജന്‍സിയില്‍ നിന്ന് പുറത്ത വന്ന യഥാര്‍ത്ഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. അത് പോലെ തിരിച്ച് മറുപടി പറയാന്‍ തനിക്കാവില്ല. തന്റെ വ്യക്തിത്വവും തന്റെ സംസ്കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാവില്ലെന്നും കെ സുധാകരന് പറഞ്ഞു.
അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് താന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതുകൊണ്ടാണ് സ്വകാര്യമായി കുറച്ച കാര്യങ്ങള്‍ പറഞ്ഞത്. സംഭവത്തിന്റെ വിശദീകരണം പേഴ്സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം തനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താല്പര്യം തനിക്കില്ലെന്നും സുധാകരന് പറഞ്ഞു.
മകളെ തട്ടിക്കൊണ്ടുപോകാന്‍ ആരെയെങ്കിലും പദ്ധതിയിടുന്നുവെങ്കില്‍ ആദ്യം പൊലീസിനെ അല്ലേ അറിയിക്കേണ്ടത്. എന്ത് കൊണ്ട് പൊലീസിനെ അറിയിച്ചില്ല. ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. തന്റെ സുഹൃത്താണ് അക്കാര്യം പറഞ്ഞതെങ്കില്‍ ആരാണ് സുഹൃത്ത് എന്ന് പറയാനുള്ള ബാധ്യത പിണറായിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.