കൊവിഡ് കാലത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നെന്ന് പ്രിയദര്‍ശന്‍; ഹോമിന് കിട്ടിയ പ്രശംസ പങ്കുവെച്ച് വിജയ് ബാബു

മികച്ച പ്രതികരണങ്ങള്‍ നേടി റോജിന്‍ തോമസ് ചിത്രം ‘ഹോം’ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസ് ഉള്‍പ്പെടെ സിനിമാരംഗത്തെ തന്നെ നിരവധി പ്രമുഖര്‍ റോജിന്‍ തോമസിനെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബുവിനേയും അണിയറപ്രവര്‍ത്തകരേയും പ്രശംസിച്ച് പ്രിയദര്‍ശന്‍ എത്തിയിരിക്കുകയാണിപ്പോള്‍. മുതിര്‍ന്ന സംവിധായകന്‍ തനിക്ക് അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് വിജയ് ബാബു പങ്കുവെച്ചു.

ഹോം കണ്ടു. അങ്ങേയറ്റം മികച്ചത്. പകര്‍ച്ചവ്യാധികാലത്ത് ഞാന്‍ കണ്ട ഏറ്റവും മികച്ച അഞ്ച് സിനിമകളിലൊന്ന്. അഭിനന്ദനങ്ങള്‍.

പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സാറിന്റെ വാക്കുകള്‍ ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ഫ്രൈഡേ ഫിലിം ഹൗസ് ഉടമ പറഞ്ഞു. ചിത്രത്തില്‍ വിജയ് ബാബു ചെയ്ത സൈക്കോളജിസ്റ്റിന്റെ വേഷവും ശ്രദ്ധേയമായിരുന്നു.

ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നാസ്ലന്‍, വിജയ് ബാബു, കൈനകരി തങ്കരാജ്, ശ്രീകാന്ത് മുരളി, ജോണി ആന്റണി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഹോം ഓഗസ്റ്റ് 19നാണ് ആമസോണ്‍ പ്രൈമില്‍ റിലീസായത്. പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒലിവര്‍ ട്വിസ്റ്റിനെ അവതരിപ്പിച്ച ഇന്ദ്രന്‍സിന്റേയും കുട്ടിയമ്മയെ അവതരിപ്പിച്ച മഞ്ജുപിള്ളയുടേയും പ്രകടനം പ്രശംസയേറ്റു വാങ്ങുന്നുണ്ട്.

Also Read: ഡോ. സണ്ണി ലോകപ്രശസ്തമായ ഒരു പ്രബന്ധം കൂടിയെഴുതി; ഹോമിലെ മണിച്ചിത്രത്താഴ് റഫറന്‍സ്