എയര്‍ഹോസ്റ്റസിന് സാരിയുടുക്കാന്‍ എയര്‍ഇന്ത്യയില്‍ ഒറ്റയാള്‍ സമരം; ബൃന്ദാ കാരാട്ടിന്റെ ലണ്ടന്‍ സമരകഥ പറഞ്ഞ് മനോരമ

എയര്‍ഇന്ത്യാ കമ്പനി വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കെ, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കമ്പനിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു ഒറ്റയാള്‍ സമരം ഓര്‍മ്മിപ്പിച്ച് മലയാള മനോരമ. 54 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൃന്ദ കാരാട്ട് എയര്‍ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന കാലത്ത് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ സാരിയുടുക്കാന്‍ നടത്തിയ സമരത്തെക്കുറിച്ചാണ് മനോരമ പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എയര്‍ഇന്ത്യക്കാലത്തെ ബൃന്ദയുടെ സാരിയുടുത്തുള്ള ചിത്രവും പത്രം നല്‍കിയിട്ടുണ്ട്.

അന്ന് കൊല്‍ക്കത്ത സ്വദേശിയായ ബൃന്ദാ ദാസായിരുന്നു അവര്‍. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലെ വസ്ത്ര പരിഷ്‌കാരത്തിനെതിരെയായിരുന്നു ബൃന്ദയുടെ മൂന്നാഴ്ച നീണ്ട ഒറ്റയാള്‍ സമരം. എയര്‍ഇന്ത്യയില്‍ ലണ്ടനില്‍ ജോലി ചെയ്യണമെങ്കില്‍ സ്ത്രീകള്‍ പാവാടയും കോട്ടും ധരിക്കണമെന്നായിരുന്നു കമ്പനി നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഇന്ത്യന്‍ ദേശീയ വസ്ത്രമായ സാരിക്ക് എന്താണ് കുഴപ്പമെന്ന മറുചോദ്യമാണ് ബൃന്ദയുന്നയിച്ചത്. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് ബൃന്ദ വാദിച്ചു.

മറ്റ് വസ്ത്രങ്ങളോട് തനിക്ക് വിയോജിപ്പൊന്നുമുണ്ടായിരുന്നില്ലെന്നും ലണ്ടനില്‍ ജോലി ചെയ്യണമെങ്കില്‍ പാവാടയും കോട്ടും ധരിക്കണമെന്ന നിര്‍ദ്ദേശത്തെയാണ് താന്‍ എതിര്‍ത്തതെന്നും പിന്നീട് ബൃന്ദ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇന്ത്യക്കാരിയായ ഞാന്‍ എന്തുകൊണ്ട് എന്റെ ദേശീയ വസ്ത്രമായ സാരി ഉടുത്തുകൂടാ? എല്ലാ ദിവസവും സാരിയുടുത്ത് ജോലിക്ക് ചെന്നായിരുന്നു എന്റെ സമരം. ആരും എന്റെ കൂടെക്കൂടിയില്ല. സാരിക്കുവേണ്ടി സമരം ചെയ്‌തെന്ന് പറഞ്ഞ് എന്നെ പിരിച്ചുവിടാന്‍ പറ്റില്ലായിരുന്നു’, ബൃന്ദ കാരാട്ട് പറയുന്നതിങ്ങനെ.

മൂന്നാഴ്ചയായിട്ടും ബൃന്ദ സമരത്തില്‍നിന്നും പിന്മാറാതിരുന്നതോടെ ഹീത്രു വിമാനത്താവളത്തിലെ എയര്‍ഇന്ത്യ മാനേജര്‍ അലന്‍ വിഷയത്തിലിടപെട്ടു. അദ്ദേഹം കമ്പനിയുടെ അന്നത്തെ കമേഴ്‌സ്യല്‍ ഡയറക്ടര്‍ ബോബി കൂക്കയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതി. ഇന്ത്യന്‍ വസ്ത്രങ്ങള്‍ രാജ്യത്തിന്റെ ദേശീയതയുടെ ഭാഗമാണെന്ന് വിലയിരുത്തിയ ബോബി കൂക്ക ഇന്ത്യക്കാര്‍ക്കും എയര്‍ഇന്ത്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഇന്ത്യന്‍ വസ്ത്രം ധരിക്കാം എന്ന മറുപടിയാണ് ഈ കത്തിന് നല്‍കിയത്. ഇതോടെ ബൃന്ദയുടെ ഒറ്റയാള്‍ സമരം വിജയിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം 1970ല്‍ ബൃന്ദ എയര്‍ഇന്ത്യയിലെ ജോലി രാജിവെച്ച് കൊല്‍ക്കത്തയിലേക്ക് മടങ്ങി. പിന്നീട് സിപിഐഎമ്മില്‍ ചേരുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിട്ടായിരുന്നു ബൃന്ദയുടെ വളര്‍ച്ച.

89 വര്‍ഷത്തെ ചരിത്രമുള്ള എയര്‍ഇന്ത്യ, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് സര്‍ക്കാര്‍ ലേലത്തില്‍ വെച്ചത്. ലേലത്തില്‍ ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത് ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യയെ സ്വന്തമാക്കുകയാണിപ്പോള്‍. എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളുമാണ് ടാറ്റ 18,000 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത്. ഇന്ത്യയ്ക്ക് ഇനി സ്വന്തമായി വിമാനക്കമ്പനി ഇല്ലെന്ന പശ്ചാത്തലത്തിലാണ് മനോരമയുടെ റിപ്പോര്‍ട്ട്.

1932ലാണ് ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തില്‍ ടാറ്റ സണ്‍സ് കമ്പനി വ്യോമയാന മേഖലയിലേക്ക് കാലെടുത്തുവെച്ചത്. കമ്പനിയുടെ ടാറ്റാ എയര്‍ലൈന്‍സ് 1946ല്‍ എയര്‍ഇന്ത്യയായി. 1953ല്‍ ടാറ്റയില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കുകയായിരുന്നു.