‘ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍’; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് കെ മുരളീധരന്‍

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ വെല്ലുവളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ താന്‍ ശക്തമായി ഉറച്ചുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു. ആരോപണ വിധേയനായ വ്യക്തി തനിക്കെതിരെ ചിലത് പറഞ്ഞതുകേട്ടെന്നും അത് നില്‍ക്കക്കള്ളിയില്ലാതായതുകൊണ്ടാണെന്നും മുരളീധരന്‍ പരിഹസിച്ചു.

ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടായില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍.

കെ മുരളീധരന്‍

ഒരു സ്ഥാനാര്‍ഥി സ്വന്തം നിയോജകമണ്ഡലത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താ പ്രചാരകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ല. ബിജെപി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബിജെപി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബിജെപി നേതാക്കളുടെ കൈയ്യില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാന്‍ ഉള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുരേന്ദ്രന്‍ പറഞ്ഞത്

“ബിജെപിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങള്‍ താങ്കള്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യം വെച്ചത് എന്നെയോ ബിജെ പിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് പിന്നെ കര്‍ണ്ണാടകാ പിസിസി വഴി കേരളത്തിലേക്കുവന്ന കോടികള്‍ താനറിഞ്ഞില്ലെന്ന പാര്‍ട്ടിക്കുള്ളില്‍ താങ്കള്‍ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാന്‍ ഏതായാലും വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടിവരില്ല. ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി അധികാരത്രയത്തേയും കെ സി വേണുഗോപാല്‍ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചുള്ള വെടിയാണിത്.

പിന്നെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പാര്‍ട്ടി കൊടുത്തുകൊള്ളാം. സ്റ്റാര്‍ ക്യാംപയിനേഴ്‌സ് പട്ടികയില്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ ഉള്‍പ്പെടുത്തിയവരുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ വരില്ലെന്ന സാമാന്യ വിവരം എത്രയോ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച താങ്കള്‍ക്കറിയില്ലെങ്കില്‍ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു. ഇനി ഹെലികോപ്ടറില്‍ പണം കടത്തിയിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരും സംസ്ഥാനപൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കള്‍ അറിയണമായിരുന്നു.

അതൊക്കെ പോകട്ടെ മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് താങ്കള്‍ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്. അതില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേള്‍ക്കുന്നു. ഇനിയുമുണ്ട് തെരഞ്ഞെടുപ്പുകഥകള്‍. ശേഷം ഇടവേള കഴിഞ്ഞ്.”