രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം; കര്‍ണാടക ബിജെപി അദ്ധ്യക്ഷനെതിരെ യെദിയൂരപ്പ

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിമര്‍ശനമുന്നയിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ബി.എസ് യെദിയൂരപ്പ. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും കച്ചവടക്കാരനുമാണെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞതിനെതിരെയാണ് യെദിയൂരപ്പയുടെ പ്രതികരണം.

‘ഒരാളും അങ്ങനെ സംസാരിക്കാന്‍ പാടില്ല. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ആ തരത്തില്‍ സംസാരിക്കേണ്ട ആവശ്യമില്ല”,സിന്‍ഡഹിയില്‍ ബിജെപി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു യെദിയൂരപ്പ.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ ബഹുമാനിക്കുന്ന രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം ആരും നടത്താന്‍ പാടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റിനെ ചൊല്ലി ബിജെപിയും കോണ്‍ഗ്രസും ആരംഭിച്ച വാക്‌പോര് തുടരുകയാണ്.

ഈ ട്വീറ്റില്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അതിനിടെ ചൊവ്വാഴ്ചയാണ് നളീന്‍ കുമാര്‍ കട്ടീല്‍ രാഹുല്‍ ഗാന്ധിക്കെതിരെ മയക്കുമരുന്ന് പരാമര്‍ശം നടത്തിയത്.