ബ്രാഹ്‌മണ പിന്തുണയാല്‍ ഉത്തര്‍പ്രദേശില്‍ ബിഎസ്പി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും; മായാവതി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബ്രാഹ്‌മണ പിന്തുണയാല്‍ ബിഎസ്പി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. ബിഎസ്പി ആസ്ഥാനത്ത് നടന്ന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മായാവതി.

ഞങ്ങള്‍ എല്ലാ ജാതികളോടുമൊപ്പമാണ്. ഈ പാര്‍ട്ടി ഏതെങ്കിലുമൊരു ജാതിയോടൊപ്പമല്ല എല്ലാ ജാതികളോടൊപ്പമാണ്. മുഖ്യമന്ത്രിയായിട്ടുള്ള എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും ബഹുമാനം ഉറപ്പുവരുത്തിയിട്ടുണ്ട്. ബ്രാഹ്‌മണരുടെയും മറ്റ് സമുദായങ്ങളുടെയും താല്‍പര്യങ്ങള്‍ ബിഎസ്പി സംരക്ഷിക്കുമെന്നും മായാവതി പറഞ്ഞു.

ബിജെപിയൊക്കെ നടത്തുന്നത് പോലെ കപടവാഗ്ദാനങ്ങള്‍ നല്‍കാന്‍ താന്‍ തയ്യാറല്ല. പക്ഷെ എല്ലാവരുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവത്തിക്കുമെന്നും മായാവതി പറഞ്ഞു.

കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പൊതുവേദിയില്‍ മായാവതിയെത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ സംസ്ഥാന പ്രവര്‍ത്തകര്‍ ലക്ഷ്യമിടാതിരിക്കാനാണ് മഹാമാരിക്കിടെ പൊതുവേദികളില്‍ എത്താതിരുന്നതെന്ന് മായാവതി വ്യക്തമാക്കി.

ബ്രാഹ്‌മണ സമ്മേളനങ്ങളില്‍ പോലും പങ്കെടുക്കാവുന്നവരുടെ എണ്ണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. എണ്ണത്തില്‍ കൂടിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലിലിടും. അത് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുമെന്നും മായാവതി പറഞ്ഞു.

ബിഎസ്പി ആദ്യം ബ്രാഹ്‌മണ സമ്മേളനങ്ങള്‍ ആരംഭിച്ചു. മറ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ അത് പിന്തുടരുകയാണ്. പക്ഷെ ബ്രാഹ്‌മണര്‍ ബുദ്ധിയുള്ളവരാണ്. അവര്‍ക്കറിയാം അവരുടെ താല്‍പര്യങ്ങള്‍ ആരാണ് സംരക്ഷിക്കുക എന്നും മായാവതി പറഞ്ഞു. ഒരു നിയോജക മണ്ഡലത്തില്‍ കുറഞ്ഞത് 1000 ബ്രാഹ്‌മണരെ ബന്ധപ്പെടണമെന്ന് ബിഎസ്പി നേതാക്കളോട് യോഗത്തില്‍ മായാവതി ആവശ്യപ്പെട്ടു.