ബിഎസ്പി കാന്‍ഷിറാം ചരമവാര്‍ഷിക ദിനത്തില്‍ യുപി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും; ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയോടെ ആരംഭം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണം ഒക്ടോബര്‍ ഒമ്പതിന് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷിറാം ചരമവാര്‍ഷിക ദിനത്തില്‍ ആരംഭിക്കാനാലോചിച്ച് ബിഎസ്പി. ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാന തലസ്ഥാനത്തെ കാന്‍ഷിറാം സ്മൃതി കുടീരത്തിലെത്താന്‍ പ്രവര്‍ത്തകരോട് ബിഎസ്പി അദ്ധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. താനും സ്മൃതി കുടീരം സന്ദര്‍ശിക്കാനെത്തുമെന്ന് മായാവതി പ്രഖ്യാപിച്ചു.

ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ സ്മൃതി കുടീരത്തിലെത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തകരെ മായാവതി അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പിലെ ആദ്യ അനൗദ്യോഗിക റാലിയായി ഈ ചടങ്ങ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച മായാവതി പാര്‍ട്ടി പൊതുവേദിയിലെത്തിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച പാര്‍ട്ടി നേതാക്കളുടെ യോഗത്തിലും മായാവതി പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരിശോധിച്ചു.
ബൂത്ത് കമ്മറ്റികളുടെ പ്രവര്‍ത്തനം ശക്തമാക്കാനും ഒക്ടോബര്‍ ഒമ്പതിന് 80-90ശതമാനം സ്ഥാനാര്‍ത്ഥികളെയും നിശ്ചയിക്കാനും മായാവതി യോഗത്തില്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബ്രാഹ്‌മണ പിന്തുണയാല്‍ ബിഎസ്പി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ചൊവ്വാഴ്ച നടന്ന യോഗത്തില്‍ മായാവതി പറഞ്ഞിരുന്നു. ഞങ്ങള്‍ എല്ലാ ജാതികളോടുമൊപ്പമാണ്. ഈ പാര്‍ട്ടി ഏതെങ്കിലുമൊരു ജാതിയോടൊപ്പമല്ല എല്ലാ ജാതികളോടൊപ്പമാണ്. മുഖ്യമന്ത്രിയായിട്ടുള്ള എല്ലായ്പ്പോഴും എല്ലാവര്‍ക്കും ബഹുമാനം ഉറപ്പുവരുത്തിയിട്ടുണ്ട്. ബ്രാഹ്‌മണരുടെയും മറ്റ് സമുദായങ്ങളുടെയും താല്‍പര്യങ്ങള്‍ ബിഎസ്പി സംരക്ഷിക്കുമെന്നും മായാവതി പറഞ്ഞു.

ബിജെപിയൊക്കെ നടത്തുന്നത് പോലെ കപടവാഗ്ദാനങ്ങള്‍ നല്‍കാന്‍ താന്‍ തയ്യാറല്ല. പക്ഷെ എല്ലാവരുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവത്തിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.