ലഖ്നൗ: മുന്‍ മന്ത്രിയും മുതിര്‍ന്ന ബിഎസ്പി നേതാവുമായ അംബിക ചൗധരി പാര്‍ട്ടി വിട്ടു. പല നേതാക്കളും പാര്‍ട്ടി വിടവേ ആണ് ബിഎസ്പിയെ ഞെട്ടിച്ചുകൊണ്ട് അംബിക ചൗധരിയുടെയും രാജി സംഭവിച്ചത്.
മുലായം സിങ് യാദവിന്റേയും അഖിലേഷ് യാദവിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്ന അംബിക ചൗധരി 2017ലാണ് ബിഎസ്പിയില് ചേരുന്നത്. യാദവ് കുടുംബത്തിനകത്തെ വിള്ളലുകളെ തുടര്‍ന്നാണ് എസ്പി വിട്ടത്. ബിഎസ്പി വിട്ട അംബിക ചൗധരി തന്റെ പഴയ പാളയത്തിലേക്ക് തന്നെ മടങ്ങുമെന്നാണ് വിചാരിക്കുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം തനിക്ക് ഒരു ഉത്തരവാദിത്വവും നല്‍കിയിട്ടില്ല. താന്‍ പാര്‍ട്ടിക്കകത്ത് ഒറ്റപ്പെടുന്നപോലെ തോന്നിയതിനാലാണ് രാജിയെന്ന് അബിക ചൗധരി പറഞ്ഞു. ജൂണ്‍ 3ന് മുന്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ രാം അചല്‍ രാജ്ബറിനെയും മുതിര്‍ന്ന നേതാവ് ലാല്‍ജി വെര്‍മയെയും മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
അതേ സമയം നിരവധി മുതിര്‍ന്ന നേതാക്കളെ പുറത്താക്കിയതിനാല്‍ ബിഎസ്പി നേതൃദാരിദ്യം നേരിടുന്നുണ്ട്. നിരവധി നേതാക്കളാണ് കഴിഞ്ഞ കുറച്ചു വര്‍ഷക്കാലത്തിനിടക്ക് ബിഎസ്പി വിട്ടത്. അപ്നാദള്‍ സ്ഥാപകന്‍ സോനേലാല്‍ പട്ടേല്‍, ദാരാ സിങ് ചൗഹാന്, സ്വാമി പ്രസാദ് മൗര്യ, ബ്രിജേഷ് പതക് എന്നീ മുതിര്‍ന്ന നേതാക്കളടക്കമാണ് പാര്‍ട്ടി വിട്ടത്.
ബിഎസ്പി അതിന്റെ അടിസ്ഥാനമായ ദളിത് പ്രത്യയശാസ്ത്രത്തില്‍ നിന്ന് വഴിമാറി കഴിഞ്ഞു. അധികാരവും പണവും വേണമെന്ന മായാവതിയുടെ താല്പര്യത്തിനനുസരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ പ്രവര്‍ത്തകര്‍ ചോര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ദളിത് ചിന്തകന്‍ ലാല്‍ജി പ്രസാദ് നിര്‍മ്മല്‍ പറഞ്ഞു.
ബിഎസ്പിക്ക് അതിന്റെ പ്രവര്‍ത്തകരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയിലെ നിരവധി എംഎല്‍എമാര്‍ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന് ബിജെപി വക്താവ് ഹീറോ ബാജ്പേയ് പറഞ്ഞു.
വിമത എംഎല്‍എമാര്‍ ഉന്നയിക്കുന്നത് മായാവതി കാന്‍ഷിറാം പ്രത്യയശാസ്ത്രത്തില്‍ നിന്ന് ഏറെ അകന്നുപോയെന്നാണ്. ആരുടെയും അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ കേള്‍ക്കാന്‍ മായാവതി തയ്യാറല്ലെന്നും അവര്‍ പറയുന്നു.
ലാല്‍ജി വര്‍മ്മയെയും രാം അചല്‍ രാജ്ബറെ പോലുള്ള നേതാക്കളെ വിട്ടുകളഞ്ഞതിന് ബിഎസ്പി വലിയ വിലകൊടുക്കേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകന് ശരദ് പ്രഥാന് പറഞ്ഞു. അതേ സമയം സംഘടന സംവിധാനത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ മായാവതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.