ഒക്ടോബര്‍ 30ന് അഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ്; അസമില്‍ ബിജെപിക്ക് ലിറ്റ്മസ് ടെസ്റ്റ്

ഗുവാഹത്തി: അസമില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തി ആറ് മാസം പിന്നിടവേ ഭരണകക്ഷിയായ ബിജെപി തങ്ങളുടെ ആദ്യ ആസിഡ് ടെസ്റ്റ് നേരിടുകയാണ്. ഒക്‌ടോബര്‍ 30ന് അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണത്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 126 അംഗ സഭയിലേക്ക് ബിജെപി 60 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയിരുന്നു. 2016ല്‍ ആദ്യമായി അധികാരത്തിലെത്തിയത് പോലെ തന്നെ വീണ്ടും വിജയം നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.

അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഭരണകക്ഷിക്കും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നയിക്കുന്ന സര്‍ക്കാരിനും ലിറ്റ്മസ് ടെസ്റ്റായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മൂന്ന് മണ്ഡങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. മറ്റുള്ള രണ്ട് മണ്ഡലങ്ങളില്‍ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും മത്സരിക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസില്‍ നിന്നും എഐയുഡിഎഫില്‍ നിന്നും എത്തിയ നേതാക്കളാണ് ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാവരും. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എം.എല്‍.എമാരും എഐയുഡിഎഫില്‍ നിന്ന് ഒരു എം.എല്‍.എയുമാണ് ബിജെപിയിലെത്തിയത്.
ഈ മൂന്ന് പേരും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും എം.എല്‍.എ സ്ഥാനം രാജിവെക്കുകയുമായിരുന്നു. രണ്ട് മണ്ഡലങ്ങളില്‍ എം.എല്‍.എമാരായിരുന്നവര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 29 സീറ്റ് നേടിയ കോണ്‍ഗ്രസ് തങ്ങളുടെ സീറ്റുകളായ തൗറയും മരിയാനിയും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എഐയുഡിഎഫ് ബബാനിപൂരിലും ഗൊസൈഗോണിലും മത്സരിക്കുന്നുണ്ട്. അഖില്‍ ഗൊഗോയ് നയിക്കുന്ന റൈജോര്‍ ദള്‍ തൗറയിലും മരിയാനിയിലും മത്സരിക്കുന്നുണ്ട്. ബിപിഎഫ് ഗൊസൈഗോണിലും മത്സരിക്കുന്നു.