ന്യൂഡല്‍ഹി: 13 സംസ്ഥാനങ്ങളിലും ദാദാ നഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശത്തുമായി മൂന്ന് ലോക്സഭ, 29 നിയമസഭ മണ്ഡലങ്ങളിലേക്ക് ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകം. എം.എല്‍.എമാരായിരുന്നവര്‍ ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നാണ് ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക.
ഹിമാചല്‍പ്രദേശിലെ മണ്ഡി, മദ്യപ്രദേശിലെ കാണ്ഡ്വ, ദാദാ നഗര്‍ ഹവേലി എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.പിമാരായിരുന്നവര് അന്തരിച്ചതിനെ തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്. മണ്ഡിയിലും കാണ്ഡ്വയിലും ബിജെപി എം.പിമാരായിരുന്നു. ദാദാ നഗര്‍ ഹവേലിയില്‍ സ്വതന്ത്ര എം.പിയായിരുന്നു.
ബംഗാളിലെ നാല് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അഞ്ചോളം എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട ബിജെപിക്ക് ഈ തെരഞ്ഞെടുപ്പുകള്‍ ജീവന്മരണ പോരാട്ടമാണ്. വിജയത്തുടര്‍ച്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
അസമിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.എല്‍.എമാരായി വിജയിച്ചവര്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മൂന്ന് മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ അന്തരിക്കുകയായിരുന്നു.
രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് നിര്‍ണായകമാണ്. അശോക് ഗെഹ്ലോട്ട്-സച്ചിന് പൈലറ്റ് തര്‍ക്കം മുതെലടുത്ത് വിജയിക്കുവാന്‍ കഴിയുമോ എന്നാണ് ബിജെപിയുടെ നോട്ടം.
കാണ്ഡ്വ ലോക്സഭ മണ്ഡലം കൂടാതെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ ഫലം സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ ബാധിക്കുന്നതല്ലെങ്കിലും വിജയിക്കണമെന്ന വാശിയിലാണ് അവര്‍. മൂന്ന് സീറ്റുകളിലും വിജയിച്ച് മടങ്ങി വരാനാണ് കോണ്‍ഗ്രസ് ശ്രമം.
മേഘാലയയിലും ഹിമാചല്‍പ്രദേശിലും മൂന്ന് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ബീഹാറില്‍ രണ്ട് സീറ്റുകളിലേക്കും മഹാരാഷ്ട്രയിലും മിസോറാമിലും ഹരിയാനയിലും ഒാരോ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്.
തെക്കേ ഇന്ത്യയില്‍ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. തെലങ്കാനയിലെ ഹുസുര്‍ബാദ്, ആന്ധ്രപ്രദേശിലെ ബാദ്വെല്, കര്‍ണാടകയിലെ ഹങ്കല്‍, സിന്ദ്ഗി എന്നീ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്.