‘ജനക്കൂട്ടത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല’; മമതയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി. തൃണമൂല്‍ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി ധര്‍ണ നടത്തിയതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. രാഷ്ട്രീയ നേതാക്കള്‍ പ്രതികളാകുമ്പോള്‍ ജനക്കൂട്ടത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പ്രസ്താവിച്ചു. ഇത്തരം പ്രതിഷേധം അനുവദിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയിലുളള വിശ്വാസം ഇല്ലാതാകും. ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും കോടതി താക്കീത് നല്‍കി. നാരദാ ടേപ്പ് കേസില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിമര്‍ശനം.

നഗരവികസന വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കീം, പഞ്ചായത്ത് മന്ത്രി സുബ്രതാ മുഖര്‍ജി, കമരാത്തി എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കൊത്ത മേയര്‍ സൊവാന്‍ ചാറ്റര്‍ജി എന്നിവരെ ഇന്നലെ രാവിലെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ തെക്കന്‍ കൊല്‍ക്കത്ത നിസാം പാലസിലുള്ള സിബിഐ ഓഫീസിലേക്ക് മമതാ ബാനര്‍ജി നേരിട്ടെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം മമതാ ബാനര്‍ജി ധര്‍ണയിരുന്നു.

പ്രതികള്‍ക്ക് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനേത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മമതയുടേയും തൃണമൂലിന്റേയും പ്രതിഷേധം കൂടി ആയുധമാക്കിയാണ് സിബിഐ ജാമ്യം റദ്ദാക്കാന്‍ വാദിച്ചത്. മൂവായിരത്തോളം തൃണമൂല്‍ പ്രവര്‍ത്തകര്‍ ഓഫീസിന് പുറത്തുണ്ടായിരുന്നെന്നും ചിലര്‍ കല്ലേറ് നടത്തിയെന്നും സിബിഐ വാദിച്ചു. തൃണമൂല്‍ ലോക്‌സഭാ എംപി കല്യാണ്‍ ബന്ദോപാധ്യായ് സിബിഐ ഓഫീസില്‍ കടന്നുകയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്നും കേന്ദ്ര ഏജന്‍സി കോടതിയില്‍ ആരോപിച്ചു.

2014ലാണ് നാരദ കൈക്കൂലി ടേപ്പുകള്‍ ചിത്രീകരിക്കപ്പെടുന്നത്. നാരദ ന്യൂസ് പോര്‍ട്ടല്‍ നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ബിസിനസുകാരനായി വേഷമിട്ടാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. ബംഗാളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്ന് പറഞ്ഞ ‘ബിസിനസുകാരന്‍’ തൃണമൂല്‍ എംപിമാര്‍ക്കും, നാല് മന്ത്രിമാര്‍ക്കും, ഒരു എംഎല്‍എയ്ക്കും വന്‍തുക നല്‍കുകയും രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. 2016 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുറത്തുവിട്ട ‘നാരദാ ടേപ്പുകള്‍’ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

നാലുപേരില്‍ സൊവാന്‍ ചാറ്റര്‍ജി മാത്രമാണ് ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഇല്ലാത്തത്. കൊല്‍ക്കത്ത മുന്‍ മേയറും മന്ത്രിയുമായിരുന്ന സൊവാന്‍ ചാറ്റര്‍ജി 2019ല്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേക്കേറി. ഈ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സൊവാന്‍ ബിജെപി വിട്ടത് വാര്‍ത്തയായിരുന്നു.