‘വെന്റിലേറ്റര്‍ കിട്ടാന്‍ പരസ്പരം വിളിച്ചിട്ട് കാര്യമില്ല’; കേരളം അത്ര സുരക്ഷിതമല്ലെന്ന അരുണ്‍ ഗോപിയുടെ പ്രതികരണത്തിന് പിന്നാലെ ഡോ. അഷീല്‍

കൊവിഡ് രോഗികള്‍ക്ക് വെന്റിലേറ്റര്‍ ആവശ്യമായി വരുമ്പോള്‍ പരസ്പരം ഫോണ്‍ ചെയ്തിട്ട് കാര്യമില്ലെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അഷീല്‍. വെന്റിലേറ്റര്‍, ഐസിയു കിടക്കകളുടെ സൗകര്യം കൃത്യമായി വിലയിരുത്താനും അടിയന്തരമായി സേവനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ഡോ. അഷീല്‍ ‘ദ ന്യൂസ്‌റപ്റ്റി’നോട് പറഞ്ഞു. ജില്ലാ കളക്ട്രേറ്റിലുള്ള ഈ യൂണിറ്റുമായാണ് ബന്ധപ്പെടേണ്ടത്. നിലവില്‍ അത്യാവശ്യ ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തില്‍ പരിമിതികള്‍ ഇല്ലെന്നും അഷീല്‍ വ്യക്തമാക്കി. സുഹൃത്തിന്റെ മാതാവ് കൊവിഡ് വന്നപ്പോള്‍ വെന്റിലേറ്ററിന് വേണ്ടി ഏറെ അലഞ്ഞെന്നും കേരള അത്ര സുരക്ഷിതമല്ലെന്നുമുള്ള സംവിധായകന്‍ അരുണ്‍ ഗോപിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ പ്രതികരണം.

സംസ്ഥാനത്താകെ 65 ശതമാനം ഐസിയു ബെഡ്ഡുകളിലാണ് രോഗികളുള്ളത്. വെന്റിലേറ്റര്‍ ഉപയോഗം ഇപ്പോള്‍ 30 ശതമാനത്തിലും താഴെയാണ്. എവിടെയെങ്കിലുമൊക്കെ വിളിച്ചുനോക്കിയിട്ട് കാര്യമില്ല. ഡിപിഎംസി യൂണിറ്റുമായി ബന്ധപ്പെടണം. അല്ലെങ്കില്‍ 1056 എന്ന നമ്പറിലേക്ക് വിളിച്ച് അവിടേക്ക് കണക്ട് ചെയ്യണം.

ഡോ. അഷീല്‍

ആരോഗ്യവകുപ്പ് പറഞ്ഞത്

“നിലവില്‍ കൊവിഡ് രോഗികള്‍ക്ക് വെന്റിലേറ്റര്‍ കിട്ടാത്ത സാഹചര്യമില്ല. വെന്റലേറ്ററിന്റെ ലഭ്യത കൃത്യമായി പരിശോധിക്കുന്നതിന് ജില്ലാ തലത്തില്‍ ഡിസ്ട്രിക്ട് മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് (ഡിപിഎംസി) എന്ന ജില്ലാ തല സംവിധാനമുണ്ട്. എല്ലാ കളക്ടേറ്റുകളിലുമാണ് ഇത് ഒരുക്കിയിരിക്കുന്നത്. അവിടെ വിളിച്ചാണ് വെന്റിലേറ്ററിന്റേയും ഐസിയു കിടക്കകളുടേയും ആവശ്യകതയേക്കുറിച്ച് അറിയിക്കേണ്ടത്. അല്ലാതെ ആളുകള്‍ പരസ്പരവും ആശുപത്രികളിലും വിളിച്ചുചോദിക്കേണ്ട സാഹചര്യമല്ല വേണ്ടത്. സമ്മര്‍ദ്ദങ്ങള്‍ വരുന്നുണ്ടെങ്കിലും പരമാവധി പ്രശ്‌നമില്ലാതിരിക്കാന്‍ വേണ്ടി നോക്കുന്നുണ്ട്. സംസ്ഥാനത്താകെ 65 ശതമാനം ഐസിയു ബെഡ്ഡുകളിലാണ് രോഗികളുള്ളത്. വെന്റിലേറ്റര്‍ ഉപയോഗം ഇപ്പോള്‍ 30 ശതമാനത്തിലും താഴെയാണ്. എവിടെയെങ്കിലുമൊക്കെ വിളിച്ചുനോക്കിയിട്ട് കാര്യമില്ല. ഡിപിഎംസി യൂണിറ്റുമായി ബന്ധപ്പെടണം. അല്ലെങ്കില്‍ 1056 എന്ന നമ്പറിലേക്ക് വിളിച്ച് അവിടേക്ക് കണക്ട് ചെയ്യണം.

ആശുപത്രികളില്‍ ഈ വെന്റിലേറ്റര്‍ സൗകര്യമുണ്ട്. ഇല്ലെങ്കില്‍ മറ്റ് ആശുപത്രികളിലേക്ക് രോഗിയെ മാറ്റാം. ചിലയിടങ്ങളില്‍ പരിമിതികളുണ്ടായേക്കാം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തില്‍ വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുടെ കാര്യത്തില്‍ പരിമിതികളില്ല. വെന്റിലേറ്റര്‍ സൗകര്യം ഒരിടത്തും തീരുമ്പോള്‍ മറ്റൊരിടത്ത് ഒരുക്കാനാണ് ജില്ലാ തല യൂണിറ്റ് രൂപീകരിച്ചിരിക്കുന്നത്. അവിടെ ബന്ധപ്പെട്ടാല്‍ അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കളക്ടറേയും ഡിഎംഓയേയും വിളിച്ചുകൊണ്ടിരിക്കണം എന്നല്ല ഉദ്ദേശിച്ചത്. അതാത് ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നോക്കിയാല്‍ ഡിപിഎംസി യൂണിറ്റ് നമ്പര്‍ ലഭിക്കും.”

Also Read: ‘കേരളം അത്ര സുരക്ഷിതമല്ല’; സുഹൃത്തിന്റെ മാതാവിന് രണ്ട് ജില്ലകളില്‍ തെരഞ്ഞിട്ടും വെന്റിലേറ്റര്‍ കിട്ടിയില്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി

കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ ഗൗരവം കരുതുന്നതിലുമേറെ ഗുരുതരമാണെന്നായിരുന്നു അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. സുഹൃത്തും നടനുമായ അന്‍വര്‍ ഷെരീഫിന്റെ മാതാവ് കൊവിഡ് പോസിറ്റീവായി ശ്വാസമെടുക്കാന്‍ പറ്റാതായപ്പോള്‍ വെന്റിലേറ്ററിന് വേണ്ടി ഏറെ അലയേണ്ടി വന്നു. കേരളത്തില്‍ വെന്റിലേറ്റര്‍ കിട്ടാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് ആദ്യം കരുതിയത്. എറണാകുളത്തേയും തൃശൂരിലേയും ഒട്ടു മിക്ക ആശുപത്രികളിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് സുഹൃത്ത് പറഞ്ഞു. പരിചയത്തിലുള്ള ഡോക്ടറും എറണാകുളം എംപി ഹൈബി ഈഡനും ഇടപെട്ടു. ഒടുവില്‍ രാവിലെ എട്ട് മണിയോടെ പാലക്കാട് പട്ടാമ്പിയിലെ ഒരു ആശുപത്രിയില്‍ വെന്റിലേറ്റര്‍ ലഭിച്ചെന്ന് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

സത്യത്തില്‍ ഭയം തോന്നി സുരക്ഷിതരെന്ന് നമ്മള്‍ കരുതുന്ന കേരളം അത്രകണ്ട് സുരക്ഷിതമല്ലന്നുള്ള കൃത്യമായ തിരിച്ചറിവ്. പരിചിതരായ ഒരാള്‍ക്ക് പോലും ഞങ്ങളെ ഒരു വെന്റിലേറ്റര്‍ ബെഡ് തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ല. കാരണം അത്രയേറെ കോവിഡ് രോഗികളാല്‍ ഹോസ്പിറ്റലുകള്‍ നിറഞ്ഞിരുന്നു.

അരുണ്‍ ഗോപി