പ്രചാരണ നോട്ടീസുകള്‍ കെട്ട് പൊട്ടിക്കാതെ അട്ടിയിട്ട നിലയില്‍; കാലുവാരല്‍ ആരോപണവുമായി ശോഭാ സുരേന്ദ്രന്‍ പക്ഷം

കഴക്കൂട്ടത്ത് മത്സരിച്ച് പരാജയപ്പെട്ട മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ് കെട്ടുകള്‍ പൊട്ടിക്കുക പോലും ചെയ്യാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീടിന്റെ പരിസരത്ത് നിന്നാണ് നോട്ടീസുകള്‍ കിട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രചരണത്തിന് ഒരു വിഭാഗം ആളുകള്‍ സജീവമായില്ലെന്ന് വിമര്‍ശനവുമായി ശോഭാ പക്ഷം രംഗത്തെത്തി.

കഴിഞ്ഞ തവണ വി മുരളീധരന്‍ മത്സരിച്ചപ്പോള്‍ 42,732 വോട്ടുകള്‍ ലഭിച്ചിരുന്നെന്ന് ശോഭാ അനുകൂലികള്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ നിന്നും 2,500 വോട്ടുകള്‍ കുറഞ്ഞു. പുതുതായി ചേര്‍ത്ത വോട്ടുകള്‍ പോള്‍ ചെയ്യിപ്പിക്കുന്നതിലും പോരായ്മയുണ്ടായെന്ന് ശോഭാ പക്ഷം ആരോപിച്ചു. ആയിരക്കണക്കിന് നോട്ടീസുകള്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇതുവരെ പരസ്യപ്രതികരണത്തിന് ശോഭാ സുരേന്ദ്രന്‍ തയ്യാറായിട്ടില്ല.

കഴക്കൂട്ടത്ത് 23,497 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ജയം. ദേവസ്വംമന്ത്രി 63,690 വോട്ടുകള്‍ നേടി. രണ്ടാമതെത്തിയ ശോഭ സുരേന്ദ്രന് 40,193 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാല്‍ 32,995 വോട്ടുകളുമായി മൂന്നാമതായി. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ വിതരണം ചെയ്യാതിരുന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റത് വാര്‍ത്തയായിരുന്നു.