ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കവെ രൂക്ഷപ്രതികരണവുമായി ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വാര്‍ഡില്‍ നടന്ന അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍ ജിനേഷ് പി എസ് രംഗത്തെത്തി. സങ്കീര്‍ണമായ അസുഖങ്ങളോടെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവന് രക്ഷിക്കാന്‍ സാധ്യമായതെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്തെങ്കിലും ഒരു കൂട്ടം ആളുകള്‍ അക്രമാസക്തരായെന്ന് ഡോ. ജിനേഷ് പറഞ്ഞു.
ഇനി നിയമനടപടി സ്വീകരിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ സമരം ചെയ്യണം. അതാണല്ലോ പതിവ്! ഇങ്ങനെ ജോലി ചെയ്യാന്‍ പറ്റില്ല. മര്‍ദ്ദനമേറ്റും തെറി കേട്ടും ഏതുനിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയില്‍ കഴിഞ്ഞു കൊണ്ടും ഈ ജോലി ചെയ്യാന്‍ പറ്റില്ല.
ഡോ. ജിനേഷ് പിഎസ്
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പൊലീസുകാരന് മര്‍ദ്ദിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മെയ് 14നുണ്ടായ സംഭവത്തില്‍ മൂന്ന് ആഴ്ച്ചകള്‍ക്ക് ശേഷം ഇന്നാണ് പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനെതിരെ നടപടിയെടുത്തത്. നിയമം അറിയുമായിരുന്നിട്ടും ഗുരുതരമായ നിയമലംഘനം നടത്തിയ ആളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ഡോ. ജിനേഷ് പിഎസിന്റെ പ്രതികരണം
“ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വാര്‍ഡ് നൈസായി ഒന്ന് തല്ലി പൊട്ടിച്ചിട്ടിട്ടുണ്ട്. ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നിന്ന് മെഡിക്കല്‍ കോളജില്‍ എത്തിയ രോഗി മരിച്ചതിനെ തുടര്‍ന്നാണിത്. നിരവധി കോമോര്‍ബിഡിറ്റീസ് ഉള്ള ഈ വ്യക്തിയെ അഡ്മിറ്റ് ആക്കുമ്പോള്‍ തന്നെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നതാണ്. സ്ട്രോക്ക്, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍, വിളര്‍ച്ച തുടങ്ങി നിരവധി സങ്കീര്‍ണ്ണതകള്‍ ഉള്ള ഒരു രോഗി.
മെഡിക്കല്‍ കോളേജിലെ മെഡിസിന് വാര്‍ഡ് കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് ഓര്‍ത്തോ വിഭാഗത്തിലാണ് ജെനറല്‍ മെഡിസിന് വിഭാഗത്തിലെ രോഗികളെ പ്രവേശിപ്പിക്കുന്നത്. രോഗിയുടെ അവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഓണ്‍ കോള്‍ ഡോക്ടറെത്തി പരിശോധിച്ചു. സൈഡിലുള്ള റെസുസിറ്റേഷന്‍ റൂമിലേക്ക് മാറ്റി രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് സിപിആര്‍ നല്‍കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. പക്ഷേ ആരോഗ്യപ്രവര്‍ത്തകരുടെ ഈ ശ്രമങ്ങള്‍ വിജയിച്ചില്ല.
മരണം അറിഞ്ഞതിനെ തുടര്‍ന്ന് ആ റൂമിന് മുന്പില് വച്ച് ഡോക്ടര്‍മാരെ തടയുകയും ചീത്ത വിളിക്കുകയും ചെയ്തു. കൂടാതെ അടുത്തുള്ള വാതിലും മേശയും ഒക്കെ നശിപ്പിക്കുകയും ചെയ്തു. ഇനി നിയമനടപടി സ്വീകരിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ സമരം ചെയ്യണം. അതാണല്ലോ പതിവ്! ഇങ്ങനെ ജോലി ചെയ്യാന്‍ പറ്റില്ല. മര്‍ദ്ദനമേറ്റും തെറി കേട്ടും ഏതുനിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയില്‍ കഴിഞ്ഞു കൊണ്ടും ഈ ജോലി ചെയ്യാന്‍ പറ്റില്ല..”