‘ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാകുമോ?’; മിന്നല്‍ മുരളി മൊബൈലില്‍ റിലീസ് ചെയ്യുന്നത് ആലോചിക്കാനാകുന്നില്ലെന്ന് ബേസില്‍ ജോസഫ്

റിലീസ് വൈകുകയാണെങ്കിലും മിന്നല്‍ മുരളി തിയേറ്ററില്‍ തന്നെ ആദ്യം റിലീസ് ചെയ്യാമെന്നാണ് തീരുമാനമെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. നിര്‍മ്മാതാവ് ഉള്‍പ്പെടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും സിനിമ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമാണുള്ളതെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ഭയങ്കരമായ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. സൂപ്പര്‍ഹീറോ വിഭാഗത്തില്‍പെടുന്ന സിനിമയാണ് മിന്നല്‍മുരളി. ഭൂരിഭാഗം പ്രേക്ഷകരും കുട്ടികളായിരിക്കും. കുട്ടികള്‍ മിന്നല്‍ മുരളി ടിവിയിലോ മൊബൈലിലോ കണ്ടാല്‍ എങ്ങനെയിരിക്കും എന്ന ആശങ്ക ഉള്ളിലുണ്ടെന്നും ബേസില്‍ ജോസഫ് പറഞ്ഞു. ഏറെ കാത്തിരുന്ന ശേഷം മാലിക് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതമായതും ബേസില്‍ ചൂണ്ടിക്കാട്ടി. മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച ‘വെള്ളിയാഴ്ച്ചകളേ വീണ്ടും വരുമോ?’ എന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെയാണ് സംവിധായകന്റെ പ്രതികരണം.

മഹേഷ് നാരായണന്‍ ആ ഒരു ഇമോഷണല്‍ ഘട്ടം കഴിഞ്ഞിരിക്കുന്നു. മാലിക് എന്ന തന്റെ വലിയ സിനിമ ഒടിടിയില്‍ റിലീസ് ആകുന്നുവെന്നത് റിയാലിറ്റിയായി അദ്ദേഹം അംഗീകരിച്ചു. ഞാനും ഇപ്പോള്‍ ആ ഘട്ടത്തിലൂടെയാണ് കടന്നുകൊണ്ടിരിക്കുന്നത്.

ബേസില്‍ ജോസഫ്

ഈ ചിത്രം തിയറ്ററില്‍ ഇറങ്ങിയില്ലെങ്കില്‍ എന്തുസംഭവിക്കും, ഞങ്ങള്‍ ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാകുമോ? നിരവധി ടെക്‌നിഷ്യന്‍സ് ജോലിയെടുത്തതാണ്. അങ്ങനെയുള്ള സിനിമ മൊബൈലിലൂടെ റിലീസ് ആകുക ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. അടുക്കളയിലും മറ്റും പണിയെടുക്കുമ്പോള്‍ ആളുകള്‍ സമയംപോക്കിനു കാണുന്ന സിനിമയായി ഇത് മാറരുത്.

എല്ലാ റിയാലിറ്റിയും അറിയാം. എങ്കിലും ശുഭപ്രതീക്ഷയിലാണ്. കുറഞ്ഞ സീറ്റിലാണെങ്കില്‍പോലും മിന്നല്‍മുരളി തിയറ്ററില്‍ തന്നെ കാണാമെന്ന ആഗ്രഹത്തിലാണ് ഞങ്ങളെല്ലാവരും. തിയറ്റര്‍ തിരിച്ചുവരും എന്ന ഉറപ്പ് നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഈ ലോക്ഡൗണ്‍ കാലത്ത് ആളുകളുടെ സിനിമാസ്വാദന രീതിയും മാറി. ചെറിയ സിനിമ മൊബൈലിലോ മറ്റോ കാണുമ്പോള്‍ തന്നെ നമ്മള്‍ പല കാര്യങ്ങളും ചെയ്യും. തിയേറ്ററിലെ ആസ്വാദനീരിതി വ്യത്യസ്തമാണ്. കൊമേര്‍സ്യല്‍ സിനിമകള്‍ ആളുകളെ കൂടുതലായി തിയേറ്ററിലേക്ക് ആകര്‍ഷിക്കും. മുഴുനീള എന്റര്‍ടെയ്‌നര്‍ സിനിമകള്‍ തിയറ്ററുകളിലേക്ക് വന്നെങ്കിലേ തിയേറ്ററുകളും ബിഗ് സ്‌ക്രീന്‍ സിനിമകാണലും തിരിച്ചുവരൂയെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഗോദയുടെ വിജയത്തിന് ശേഷം ടൊവീനോയും ബേസില്‍ ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന സവിശേഷതയോടെയാണ് മിന്നല്‍ മുരളിയെത്തുന്നത്. ഫെമിന ജോര്‍ജ്, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം പ്രധാന വേഷത്തിലുണ്ട്. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് മിന്നല്‍ മുരളി തയ്യാറാക്കിയിരിക്കുന്നത്.