‘ബലപ്രയോഗത്തോടെ അവരെ തടയാന്‍ കഴിയില്ല’; ഗൗരിയമ്മയെ കുടുംബാംഗത്തെ പോലെ കണ്ടാണ് സംസ്‌കാരത്തിന് ഒരുപാട് പേര്‍ വന്നതെന്ന് മുഖ്യമന്ത്രി

ഗൗരിയമ്മയുടെ സംസ്‌കാരച്ചടങ്ങില്‍ അനുവദിച്ചതിലധികം പേര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുപാട് പേര്‍ കുടുംബാംഗത്തേപ്പോലെ കാണുന്നതുകൊണ്ടാണ് ഗൗരിയമ്മയുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ 300 പേരെ നിശ്ചയിച്ചത്. പക്ഷെ, അതിലുമധികം ആളുകള്‍ വികാരം കൊണ്ട് തള്ളിക്കയറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകള്‍ അവരുടെ വികാരത്തിന് അനുസരിച്ച് തള്ളിക്കറയുന്ന നിലയുണ്ടായിട്ടുണ്ടാകും. അവിടെ മറ്റൊരു നടപടിയിലൂടെ അതായത് ഒരു ബലപ്രയോഗത്തിലൂടെ അവരെ നിയന്ത്രിക്കുന്നതിനെതിരെ മാധ്യമങ്ങള്‍ തന്നെ പറയുമെന്നുറപ്പാണ്. ആരും അതിനെതിരെ പറയുകയേ ചെയ്യൂ.

മുഖ്യമന്ത്രി

ആര്‍ ബാലകൃഷ്ണപിള്ളയുടേയും ഗൗരിയമ്മയുടേയും സംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ ചൂണ്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗമാളുകള്‍ രംഗത്തെത്തിയിരുന്നു. സാമൂഹിക അകലവും നിയന്ത്രണവും രാഷ്ട്രീയനേതാക്കളുടെ കാര്യത്തില്‍ ബാധകമല്ലെന്നും സര്‍ക്കാരിന് സാധാരണക്കാരോട് മറ്റൊരു നീതിയാണെന്നുമായിരുന്നു വിമര്‍ശനങ്ങള്‍. ഇക്കാര്യം പരാമര്‍ശിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രി പറഞ്ഞത്

“നമ്മുടെ കുടുംബത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ആ മരണത്തില്‍ പങ്കെടുക്കുക എന്നുള്ളതുകൊണ്ടാണ് 20ലേക്ക് ചുരുക്കുന്ന നിലയുണ്ടായത്. അത് 20ല്‍ നില്‍ക്കില്ലെന്ന് കണ്ടതുകൊണ്ടാണ് ഇവിടെയൊരു 300 പേരെങ്കിലും ആകട്ടെ എന്നുവെച്ചത്. നാട്ടില്‍ ധാരാളം പേരാണ് സ്വന്തം കുടുംബാംഗത്തെപ്പോലെ ഗൗരിയമ്മയെ കാണുന്നത്. അവര്‍ അവസാന ആദരവ് അര്‍പ്പിക്കാന്‍ വേണ്ടി വരിക എന്ന് പറയുന്നത് നമ്മുടെ നാടിന്റെ ദീര്‍ഘകാലത്തെ സംസ്‌കാരത്തിന് അനുസരിച്ച് ചെയ്തുവരുന്ന കാര്യമാണ്. അതിന്റെ ഭാഗമായുള്ള നടപടിക്ക് വലിയ തടസം വേണ്ട എന്നുള്ളതുകൊണ്ടാണ് 300 പേര്‍ എന്ന് നിശ്ചയിച്ച് കൊടുത്തത്. അത് കഴിയാവുന്നത്ര പാലിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിച്ച് വന്നിട്ടുള്ളത്. എന്നാല്‍ ആളുകള്‍ അവരുടെ വികാരത്തിന് അനുസരിച്ച് തള്ളിക്കറയുന്ന നിലയുണ്ടായിട്ടുണ്ടാകും. അവിടെ മറ്റൊരു നടപടിയിലൂടെ അതായത് ഒരു ബലപ്രയോഗത്തിലൂടെ അവരെ നിയന്ത്രിക്കുന്നതിനെതിരെ മാധ്യമങ്ങള്‍ തന്നെ പറയുമെന്നുറപ്പാണ്. ആരും അതിനെതിരെ പറയുകയേ ചെയ്യൂ. അതുകൊണ്ടാണ് നാടിന്റെ ഒരു പൊതുസാഹചര്യത്തിന് അനുസരിച്ചുള്ള ഒരു നില സ്വീകരിച്ച് വന്നിട്ടുള്ളത്.”

സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്.