ഹാര്‍ട് ടു ഹാര്‍ട്: കാല്‍നൂറ്റാണ്ടായി മമ്മൂട്ടി തുടരുന്ന നിശ്ശബ്ദ കരുതല്‍

മമ്മൂട്ടിയുടെ കരുതലും സഹജീവി സ്‌നേഹവും അടുത്തകാലത്തായാണ് കേരളം ചര്‍ച്ച ചെയ്ത് തുടങ്ങിയതെങ്കിലും അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇന്ന് കാണുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കുകളുടെ പ്രധാന തുടക്കക്കാരന്‍ അദ്ദേഹമാണെന്ന് പറയാം. 1990കളുടെ അവസാനം കോഴിക്കോട്ട് ‘ഡൈന്‍ വിത്ത് മമ്മൂട്ടി’ എന്ന പേരില്‍ ഒരു സായാഹ്നം സംഘടിക്കപ്പെട്ടു. അന്ന് പിരിഞ്ഞു കിട്ടിയ തുകയാണ് ഇന്ന് കാണുന്ന ഷെയര്‍ ആന്‍ഡ് കെയര്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ അടിത്തറ.

2005ല്‍ അദ്ദേഹം ‘കാഴ്ച്ച’ എന്ന നേത്ര ചികിത്സാ പദ്ധതിക്ക് തുടക്കം കുറിച്ചു. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയാണ് പദ്ധതി നടത്തിപ്പിനായി മുന്നോട്ടുവന്നത്. ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാംപ് നടത്തി. 2010 വരെ പതിനായിരം സൗജന്യ നേത്ര ശസ്ത്രക്രിയകള്‍ ഈ പദ്ധതിയിലൂടെ നടപ്പിലായി. ഡോ. ടോണി ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് 2020 വരെ ‘കാഴ്ച്ച’ തുടര്‍ന്നു. ഈ സൗജന്യ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഒരു ലക്ഷം കവിയും.

Also Read: ‘അന്നത്തെ 10 രൂപയുടേയും ബിരിയാണിയുടേയും സ്‌നേഹം തിരിച്ചുതരുന്നത് അറിഞ്ഞില്ല’; മമ്മൂട്ടിയോട് ക്ഷമ പറഞ്ഞ് ലക്ഷദ്വീപ് നിവാസി

ആദിവാസി സഹോദരങ്ങള്‍ക്ക് വേണ്ടി സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് മമ്മൂട്ടി ശ്രമിക്കുന്നത്. ആരോഗ്യമേഖലയില്‍ അവര്‍ക്കാവശ്യമുള്ളത് എന്തും ലഭ്യമാക്കുന്ന മമ്മൂട്ടിയും സംഘവും കേരളത്തിലെ ഊരുകളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ കൃത്യമായി എത്തിച്ചു പോരുന്നു. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് ഉള്‍ക്കാടുകളില്‍ ടെലി മെഡിസിന്‍ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ആദിവാസി സഹോദരങ്ങളോടുള്ള മമ്മൂട്ടിയുടെ കരുതലാണ് ‘പൂര്‍വ്വികം’ എന്ന ഈ പദ്ധതി.

വൃക്ക രോഗികളെ സഹായിക്കാനായി ‘സുകൃതം’ എന്നൊരു പദ്ധതിയും അദ്ദേഹം നടപ്പിലാക്കി. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയാണ് ആശുപത്രി പങ്കാളിയായത്. വൃക്കരോഗികളായ 60 പേരുടെ കിഡ്‌നി മാറ്റിവെയ്ക്കലിന് സമ്പൂര്‍ണസഹായം നല്‍കി. തിരുവനന്തപുരം നിംസ് ഹോസ്പിറ്റലുമായി ചേര്‍ന്ന് ‘ഹാര്‍ട് ടു ഹാര്‍ട്’ എന്ന ഹൃദയ ശസ്ത്രക്രിയ പദ്ധതി നിലവില്‍ വരുന്നത് 2008 ലാണ്. ബൈപാസ് ശസ്ത്രക്രിയ ആവശ്യമുള്ള നിര്‍ധനരെ സഹായിക്കാന്‍ തുടങ്ങിയ ഈ പദ്ധതി ഇപ്പോഴും സജീവമായി തുടരുന്നു. മുന്നൂറോളം കുടുംബങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ ഹാര്‍ട് ടു ഹാര്‍ട്ടിന് കഴിഞ്ഞു.

Also Read: മമ്മൂട്ടി@70: ഉടലും നടനും

തന്റെ ജീവകാരുണ്യ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ മമ്മൂട്ടി തീരുമാനിക്കുന്നത് 2009ലാണ്. അതിന്റെ ഭാഗമായി കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് അദ്ദേഹം രൂപം കൊടുത്തു. കേരളത്തിന്റെ ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായ ഒരു തുടക്കമായിരുന്നു കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ രൂപീകരണമെന്ന് അഭിമാനത്തോടെ പറയാനാകും.

നിര്‍ധനരായ മാതാപിതാക്കളുടെ പന്ത്രണ്ട് വയസില്‍ താഴെയുള്ള ഹൃദ്രോഗികളായ കുട്ടികളെ ഹൃദയ ശസ്ത്രക്രിയക്ക് സഹായിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ആണ് കെയര്‍ ആന്‍ഡ് ഷെയറിന്റെ ആദ്യത്തെ പദ്ധതി. അറുന്നൂറ് കുരുന്നുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതില്‍ മമ്മൂട്ടിയ്ക്ക് ഏറെ സന്തോഷമുണ്ട്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സും ലഹരിക്കെതിരായി ബോധവല്‍ക്കരണവും കൊടുക്കുന്ന ‘വഴികാട്ടി’, അനാഥാലയങ്ങളിലെ പ്ലസ് ടു കഴിഞ്ഞ കുട്ടികളെ പഠിപ്പിക്കുന്ന ‘വിദ്യാമൃതം’ എന്നീ പ്രൊജക്ടുകളും നിലവില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ കീഴില്‍ സജീവമായി തുടരുന്നു. സംസ്ഥാനം മഹാപ്രളയദുരന്തം നേരിട്ടപ്പോഴും ദുരിതാശ്വാസ രംഗത്ത് കെയര്‍ ആന്‍ഡ് ഷെയറിന്റെ സാന്നിധ്യമുണ്ടായി.

പാരിസ്ഥിതിക-സാമൂഹിക ബോധവല്‍ക്കരണ രംഗത്തും മമ്മൂട്ടി ഇടപെടലുകള്‍ നടത്തുന്നുണ്ട്. 2006ല്‍ അദ്ദേഹം തുടക്കമിട്ട ‘മൈ ട്രീ ചലഞ്ച്’ പദ്ധതി അതിനൊരു ഉദാഹരണമാണ്. മരം നടാനുള്ള മമ്മൂട്ടിയുടെ ആഹ്വാനമേറ്റെടുത്തത് കേരളത്തിലുള്ളവര്‍ മാത്രമല്ല. ഓസ്ട്രേലിയയിലും അമേരിക്കയിലും, യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ മേയര്‍മാര്‍മാരും മരത്തൈകള്‍ നട്ടു. 16 വര്‍ഷങ്ങള്‍ക്കിപ്പുറം പലയിടങ്ങളിലും ആ മരങ്ങള്‍ പരിപാലിക്കപ്പെടുന്നു. ലഹരിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന ‘അഡിക്ടഡ് ടു ലൈഫ്’ ക്യാംപെയ്ന്‍ നയിക്കാന്‍ ആവശ്യപ്പെട്ടത് മമ്മൂട്ടിയോടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ അഡിക്ടഡ് ടു ലൈഫ് ട്രെന്‍ഡായി. മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും മമ്മൂട്ടിക്ക് പിന്നില്‍ അണി നിരന്നുകൊണ്ട് മാതൃകാപരമായ സന്ദേശമാണ് സമൂഹത്തിന് നല്‍കിയത്.

(മമ്മൂട്ടിയുടെ പി.ആര്‍.ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് റോബര്‍ട്ട് കുര്യാക്കോസ്)