ഭക്ഷണം നിറച്ച വാര്‍പ്പ് ചുമന്നുകൊണ്ടുപോയവര്ക്കെതിരെ സാമൂഹിക അകലം പാലിച്ചില്ല എന്ന പേരില്‍ കേസ്. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം കൊണ്ടുപോവുകയായിരുന്ന രണ്ട് പേര്‍ക്കെതിരെ എരുമേലി പൊലീസാണ് കേസെടുത്തത്. എരുമേലി കെഎസ്ആര്‍ടിസിയ്ക്ക് സമീപമുള്ള രാജാ ഹോട്ടലിന് മുന്പില് വെച്ചാണ് സംഭവം.
എരുമേലി സിഎഫ്എല്‍ടിസിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രാജാ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം നല്‍കിയിരുന്നത്. ചികിത്സാ കേന്ദ്രത്തിലെ 85 പേര്‍ക്കുള്ള ചപ്പാത്തിയും മുട്ടക്കറിയും അടങ്ങുന്ന വാര്‍പ്പ് രണ്ട് പേര് ചേര്‍ന്ന് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. ഇതു കണ്ട എരുമേലി എസ്എച്ച്ഒ തങ്ങള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയായിരുന്നെന്ന് രാജ ഹോട്ടല്‍ ഉടമ ശ്രീജിത്ത് പറയുന്നു.
ഭക്ഷണം നിറച്ച വാര്‍പ്പ് രണ്ട് പേര് ചേര്‍ന്ന് പിടിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്ന് ചോദിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്ന് ഹോട്ടലുടമ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്, മനുഷ്യാവകാശ കമ്മീഷന്, ജില്ലാ പൊലീസ് മേധാവി, കളക്ടര്‍ എന്നിവര്‍ക്ക് ശ്രീജിത്ത് പരാതി നല്‍കിയിട്ടുണ്ട്.
ഹോട്ടലിന് മുന്നില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നെന്നും കേസെടുത്തത് അതുകൊണ്ടാണെന്നുമാണ് എരുമേലി സിഐയുടെ പ്രതികരണം. സംഭവം വാര്‍ത്തയായതോടെ സമൂഹമാധ്യമങ്ങളില്‍ പൊലീസിനെതിരെ ട്രോളുകളും എത്തിത്തുടങ്ങിയിട്ടുണ്ട്.
