‘തലച്ചുമട് മാനുഷിക വിരുദ്ധം’; ലോകത്ത് മറ്റൊരിടത്തും ഈ ചൂഷണമില്ല, നിരോധിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

ഭാരമേറിയ ലോഡുകള്‍ തലയിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ എടുക്കുന്നത് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി. ചുമടെടുക്കാന്‍ അനുവാദം നല്‍കുന്ന ചുമട്ടുതൊഴിലാളി നിയമം പഴയകാലത്തിന്റെ ശേഷിപ്പാണ്. തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

‘തലച്ചുമട് തൊഴില്‍ നിര്‍ത്തലാക്കണം. ലോഡിങ് അല്ല അത്, മറിച്ച് മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തിയാണ്. നമ്മുടെ പൗരന്മാരെ എങ്ങനെയാണ് ഈ പീഡനത്തിലേക്ക് തള്ളിവിടാന്‍ കഴിയുക?’, കോടതി ചോദിച്ചു. ചുമട്ടുതൊഴിലാളികള്‍ക്ക് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഈ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ കോടതിക്ക് ഉദ്ദേശമില്ലെന്നും വ്യക്തമാക്കി.

മറ്റ് തൊഴില്‍ സാധ്യതകളില്ലാത്ത പാവപ്പെട്ടവരാണ് ചുമട്ടുതൊഴിലാളികള്‍. അവരുടെ ദുരവസ്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യുകയാണെന്നും കോടതി വിലയിരുത്തി.

വര്‍ഷങ്ങളായി ദിനംപ്രതി മണിക്കൂറുകളോളം തലയിലോ മറ്റ് ശരീര ഭാഗങ്ങളിലോ ഭാരം പേറുന്നത് പേശികള്‍ക്കും അസ്ഥിക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. നട്ടെല്ലിന് അപകടമുണ്ടാക്കുന്നതിനും കാരണമാവുമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നിരീക്ഷിച്ചു.

‘ലോകത്ത് മറ്റൊരിടത്തും ഇത്തരം മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തങ്ങളിലേക്ക് തങ്ങളുടെ പൗരന്മാരെ വിധേയരാക്കുന്നില്ല. അവര്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുകയോ മറ്റ് സ്ഥലങ്ങളില്‍നിന്നും ലോഡിങിന് ആളുകളെ കൊണ്ടുവരികയോ ആണ് ചെയ്യുന്നത്. നിയമത്തിലെ തലച്ചുമട് എന്ന വാക്ക് നീക്കം ചെയ്ത് ലോഡിങ് എന്ന് പരിഷ്‌കരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

‘എന്തുകൊണ്ടാണ് തൊഴിലാളികളെ സഹായിക്കാന്‍ ഇവിടെ യന്ത്രങ്ങളില്ലാത്തത്? തലച്ചുമട് ജോലികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് പറയുന്നില്ല. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ഈ ജോലി ഇതുപോലെ തുടരണമെന്ന് ആഗ്രഹിക്കുന്നു. യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തൊഴിലാളികളെ പരിശീലിപ്പിക്കണമെന്നും അതിനവരെ സജ്ജരാക്കണമെന്നുമാണ് ഞാന്‍ പറയുന്നത്’, ജസ്റ്റിസ് വ്യക്തമാക്കി. വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാല്‍ ഈ മേഖല അസംഘടിതമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഏതെങ്കിലുമൊരു പരിഷ്‌കൃത സമൂഹം ഇത് വെച്ചുപൊറുപ്പിക്കുമോ? കരുതുന്നത്ര പരിഷ്‌കൃതരല്ല നമ്മള്‍. എന്നുകരുതി ഈ തൊഴിലാളികളെ അവരുടെ ജോലിയില്‍നിന്നും പുറത്താക്കുകയല്ല വേണ്ടത്. മറിച്ച് അവരെ പുനരധിവസിപ്പിക്കണം. മറ്റ് തൊഴില്‍ സാധ്യതകള്‍ തുറന്നുകൊടുക്കണം. ഈ നിയമത്തിന് 50 വര്‍ഷം പഴക്കമുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ അപ്പാടെ മാറി. തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’, കോടതി പറഞ്ഞു. കേരളത്തില്‍ തോട്ടിപ്പണി നിരോധിക്കപ്പെട്ടിട്ടും ചുമട്ടുതൊഴിലിനെ നിസാരമായാണ് കാണുന്നത്. ഈ തൊഴിലാളികള്‍ തലയില്‍ ചുമടെടുക്കണമെന്ന് നമ്മളില്‍ ചിലര്‍ ആഗ്രഹിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനുള്ള ഡ്രാഫ്റ്റ് തയ്യാറായിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭേഗഗതി എപ്പോള്‍ നടപ്പിലാക്കുമെന്നും എന്ത് പരിഷ്‌കാരമാണ് വരുത്തുന്നതെന്നും സര്‍ക്കാര്‍ ഡിസംബര്‍ 21നകം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വ്യാവസായിക ആവശ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ നോക്കുകൂലി ആവശ്യപ്പെടുന്നതിനെതിരെ ഒരു ഹോട്ടലുടമ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.