പ്രോട്ടോക്കോള്‍ ലംഘനം ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദ്ദിച്ചു; ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനും സഹോദരനുമെതിരെ കേസ്

ഇടുക്കി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെതിരെ കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് കഞ്ഞിക്കുഴി പൊലീസിന് പരാതി നല്‍കിയത്. സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്, സഹോദരന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം. ചേലച്ചോട് സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ അനൂപ് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഡോക്ടര്‍ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്റെയും കുടുംബത്തിന്റെയും വാദം. ഇവര്‍ ഡോക്ടറെ മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെയുണ്ടായ റോക്കറ്റാക്രമണത്തിലായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ കൊല്ലപ്പെട്ടത്. മെയ് 16ന് സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരുന്നു. ഇസ്രായേലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.