വെള്ളക്കെട്ടില്‍ വണ്ടിയോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുണ്ടാക്കിയത് അഞ്ചര ലക്ഷത്തിന്റെ നഷ്ടം; കേസെടുത്ത് പൊലീസ്

കോട്ടയം: വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. വെള്ളക്കെട്ടിലിറക്കിയതുമൂലം ബസിന് 5,33,00 രൂപയുടെ നാശനഷ്ടമുണ്ടായതിലാണ് കേസ്. കെഎസ്ആര്‍ടിസിയുടെ പരാതിയില്‍ ഈരാട്ടുപേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്.

നാശനഷ്ടമുണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ജയദീപ് ബസ് വെള്ളക്കെട്ടിലിറക്കിയതെന്നാണ് എഫ്.ഐ.ആര്‍. ഈരാട്ടുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് ജയദീപ്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് ആരോപിച്ച് ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളും വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

കോട്ടയത്ത് മഴ രൂക്ഷമായ ദിവസമായിരുന്നു ജയദീപ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വെള്ളക്കെട്ടിലൂടെ യാത്രക്കാരുമായുള്ള കെഎസ്ആര്‍ടിസി ബസ് ഓടിച്ചത്. വെള്ളക്കെട്ടില്‍ ബസ് നിന്നുപോയതോടെ യാത്രക്കാരെ നാട്ടുകാരെത്തി രക്ഷിക്കുകയായിരുന്നു. മുങ്ങിയ ബസില്‍ നിന്ന് യാത്രക്കാരെ നാട്ടുകാര്‍ പുറത്തെത്തിക്കുന്നതിന്റേയും എഞ്ചിന്‍ ഓഫായ വണ്ടി കയറ് കെട്ടി വലിച്ച് കരയ്ക്ക് എത്തിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗതാഗത വകുപ്പ് ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തത്. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാരോപിച്ചായിരുന്നു ഇത്. അധികം വെള്ളമില്ലാതിരുന്ന റോഡിലൂടെ വണ്ടി മുന്നോട്ടെടുത്തപ്പോള്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം ഇരച്ചെത്തിയെന്നായിരുന്നു ജയദീപിന്റെ വിശദീകരണം.

തന്റെ വിശദീകരണം കാര്യമായെടുക്കാതെ ശിക്ഷാനടപടി സ്വീകരിച്ചതിനോടുള്ള രോഷം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ജയദീപ് പ്രകടിപ്പിക്കുകയും ചെയ്തു.സസ്പെന്‍ഷന്‍ സമയം പാട്ടുപാടിയും തബല വായിച്ചും കള്ള് ഷാപ്പില്‍ പോയും ചെലവഴിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പങ്കുവെച്ചു. താന്‍ ഒരു ത്രില്ലിനാണ് ബസ് ഓടിക്കുന്നതെന്നടക്കമുള്ള ജയദീപിന്റെ പ്രതികരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.