‘ഓ..യ്യാ..’; മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശം; ‘കളക്ടര്‍ ബ്രോ’യ്‌ക്കെതിരെ കേസ്

കൊച്ചി: വാര്‍ത്തയുടെ പ്രതികരണത്തിനായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് വാട്‌സാപ്പില്‍ അശ്ലീല ചുവയുള്ള സ്റ്റിക്കര്‍ അയച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസെടുത്ത് പൊലീസ്. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണത്തിനായി ബന്ധപ്പെട്ടപ്പോഴായിരുന്നു മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍ പ്രവിതയോട് കെ.എസ്.ഐ.എന്‍.സി എംഡിയായ പ്രശാന്ത് അപമര്യാദയായി പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തയുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് ബന്ധപ്പെട്ട ലേഖികയോട് മറുപടി പറയാന്‍ തയ്യാറാകാതിരുന്ന പ്രശാന്ത്, വാട്‌സാപ്പിലൂടെ അശ്ലീല ചുവയുള്ള സ്റ്റിക്കര്‍ അയക്കുകയായിരുന്നു. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകയും സ്ഥാപനവും രംഗത്തുവന്നു. വ്യാപക പ്രതിഷേധത്തിന് വഴിവെച്ച സംഭവത്തില്‍ സ്വയം ന്യായീകരിക്കുന്ന നിലപാടായിരുന്നു പ്രശാന്ത് സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് പ്രശാന്തിന്റെ ഫോണില്‍നിന്നും താനാണ് സന്ദേശമയച്ചതെന്ന വിശദീകരണവുമായി അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും രംഗത്തുകയും ചെയ്തു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പൊലീസ് നേരത്തെ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടുകയും, കേസെടുത്ത് അന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിക്കുകയുമായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ അന്വേഷിക്കുന്നത് അവരുടെ തൊഴിലിന്റെ ഭാഗമായാണ്. വിവരങ്ങള്‍ നല്‍കാനും നല്‍കാതിരിക്കാനുള്ള അവകാശം ഉദ്യോഗസ്ഥനുണ്ട്. എന്നാല്‍, മോശമായ പ്രതികരണം പാടില്ലെന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ പശ്ചാത്തലത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.