തിരുവനന്തപുരം: എം.ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും ബലാത്സംഗ ഭീഷണി മുഴക്കിയെന്നും ജാതിപ്പേര് വിളിച്ചെന്നുമാരോപിച്ച് എഐഎസ്എഫ് നേതാവ് നിമിഷാ രാജു നല്കിയ പരാതിയിലാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി.എ, ആര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായ കെ.എം അരുണ്‍, കോട്ടയത്തെ എസ്എഫ്ഐ നേതാക്കളായ ഷിയാസ്, ടോണി കുര്യാക്കോസ്, സുധിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
സെനറ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശാരിരീകമായി ആക്രമിച്ചെന്നും ബലാത്സംഗ ഭീഷണി മുഴക്കിയെന്നും ജാതി അധിക്ഷേപം നടത്തിയെന്നും നിമിഷാ രാജു പരാതിയില്‍ പറയുന്നു. നിമിഷയുടെ മൊഴിയെടുത്ത പൊലീസ് സ്ത്രീയെ ഉപദ്രവിക്കല്‍, ജാതീയ അധിക്ഷേപം തുടങ്ങിയവ കുറ്റകൃത്യങ്ങളിലാണ് കേസെടുത്തത്.
തന്നെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്നും നിമിഷ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘യാതൊരു നീതിയും മര്യാദയും പുലര്‍ത്താതെയാണ് എന്നെ ആക്രമിച്ചത്. സ്ത്രീകളെ ഭയപ്പെടുത്താന്‍ ഏറ്റവും നല്ല ആയുധം ബലാത്സംഗ ഭീഷണിയാണ്. അത് കൃത്യമായി എസ്എഫ്ഐ നേതാക്കളുടെ വായില്‍നിന്നും വരുന്നതില്‍ അതിശയിക്കാനില്ല. പക്ഷേ, അതുകൊണ്ട് ഞാന്‍ ഭയപ്പെടില്ല’, നിമിഷ പറഞ്ഞതിങ്ങനെ.
എസ്എഫ്ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന് അലറിവിളിച്ച് ഭീഷണിപ്പെടുത്തുകയും ‘മാറെടി പുലച്ചി’ എന്നാക്രോശിച്ച് ഇടത് മാറിലും വസ്ത്രങ്ങളിലും കയറിപ്പിടിച്ചെന്നുമാണ് എഐഎസ്എഫ് നേതാവ് പൊലീസില്‍ നല്കിയ പരാതി. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം തന്റെ സ്ത്രീത്വത്തെയും, ജാതിപ്പേര് വിളിക്കുന്നതിലൂടെ വ്യക്തിത്വത്തെയും പരോക്ഷമായി അധിക്ഷേപിക്കുകയാണുണ്ടായതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എം.ജി യൂണിവേഴ്സിറ്റിയിലുണ്ടായ അതിക്രമത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന്റെയും തുടര്‍ന്ന് എഐഎസ്എഫിന്റെ വനിതാ നേതാവ് രോഷാകുലയായി പ്രതികരിക്കുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ എഐഎസ്എഫ് പ്രവര്‍ത്തകരും വനിതാ നേതാവും രണ്ട് വ്യത്യസ്ത പരാതികളാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയിട്ടുള്ളത്.